ഇ.കെ സുന്നികള്‍ക്ക് മറുപടിയുമായി കാന്തപുരം

By Web DeskFirst Published May 2, 2018, 3:45 PM IST
Highlights

എ.പി-ഇ.കെ സുന്നികളുടെ ഐക്യ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് വിവാദം തലപൊക്കിയത്. ഐക്യ ചര്‍ച്ചകളെ ഇത് പിന്നോട്ടടിച്ചിട്ടുണ്ട്.

കോഴിക്കോട്: വഖഫ് ട്രിബ്യൂണല്‍ നിയമനത്തില്‍ ഇ.കെ സുന്നികള്‍ക്ക് മറുപടിയുമായി കാന്തപുരം. ട്രിബ്യൂണലില്‍ എ.പി വിഭാഗത്തിന് പ്രാതിനിധ്യം കിട്ടിയത് മന്ത്രിയെ സ്വാധീനിച്ചല്ലെന്ന് കാന്തപുരം വ്യക്തമാക്കി. സ്ത്രീകള്‍ അഴിഞ്ഞാടുന്നതിനെതിരെ താന്‍ നടത്തുന്ന   പ്രതികരണങ്ങളെ സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുകയാണെന്നും  കാന്തപുരം കോഴിക്കോട് പറഞ്ഞു.

വഖഫ് കേസുകള്‍ കൈകാര്യം ചെയ്യുന്ന സമിതിയിലെ രണ്ട് അംഗങ്ങളും എ.പി വിഭാഗത്തിന്റെ പ്രതിനിധികളാണ്. മന്ത്രി കെ.ടി ജലീലിന്‍റെ സ്വാധീനത്തിലാണ്  നിയമനങ്ങള്‍ നടന്നതെന്നും ഇത് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ കെ വിഭാഗം മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ അത്തരത്തില്‍ സ്വാധീനം ചെലുത്തി എന്തെങ്കിലും ചെയ്യുന്നത് തങ്ങളുടെ മാര്‍ഗ്ഗം അല്ലെന്നും ഇനി അങ്ങനെ സ്വാധീനം ചെലുത്തിയാല്‍ പോലും സര്‍ക്കാര്‍ അത് അംഗീകരിക്കുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പരാതിയോടുള്ള കാന്തപുരത്തിന്‍റെ പ്രതികരണം.

എ.പി-ഇ.കെ സുന്നികളുടെ ഐക്യ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് വിവാദം തലപൊക്കിയത്. ഐക്യ ചര്‍ച്ചകളെ ഇത് പിന്നോട്ടടിച്ചിട്ടുണ്ട്. സി.പി.എമ്മിനോട് ഏറെ അടുത്ത് നില്‍ക്കുന്ന കാന്തപുരവും കൂട്ടരും ട്രിബ്യൂണല്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിക്കുന്നില്ല. വെള്ളിയാഴ്ച മുതല്‍ തുടങ്ങുന്ന എ.പി വിഭാഗം പണ്ഡ‍ിത സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിയെയാണ് മുഖ്യതിഥിയായി ക്ഷണിച്ചിരിക്കുന്നത്.  ഇതിനിടെ പൊതുവേദികളില്‍ കാന്തപുരം ആവര്‍ത്തിക്കുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെയും അദ്ദേഹം ന്യായീകരിച്ചു. അഴിഞ്ഞാടാന്‍ വേണ്ടി സ്ത്രീകളെ പുറത്തുവിടുന്നതിനെതിരെയാണ് തങ്ങള്‍ സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.i

click me!