വഖഫ് ബോര്‍ഡ്‌ നിയമനം പിഎസ്‍സിക്ക് വിടുന്നതിനെ സ്വാഗതം ചെയ്ത് കാന്തപുരം

By Web DeskFirst Published Jun 28, 2016, 12:58 AM IST
Highlights

പുതിയ സര്‍ക്കാറിന് കീഴില്‍ വഖഫ് ബോര്‍ഡ്‌, ഹജ്ജ് കമ്മിറ്റി തുടങ്ങിയവയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിശ്വാസമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ്‌ നിയമനം പി.എസ്.സിക്ക് വിടുന്നതിലൂടെ അര്‍ഹതയില്ലാത്തവര്‍ ജോലിയില്‍ പ്രവേശിക്കുന്നത് തടയാം. സ്വന്തം ആളുകളെ തിരുകിക്കയറ്റാന്‍ കഴിയാത്തത് കൊണ്ടാണ് മുസ്ലിം ലീഗും ഇ.കെ സുന്നികളും ഈ തീരുമാനത്തെ എതിര്‍ക്കുന്നത്. വോട്ടു ചെയ്താലും ഇല്ലെങ്കിലും മുസ്ലിം ലീഗുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹം. ബി.ജെ.ക്ക് വോട്ട് മറിച്ചു എന്ന ലീഗിന്‍റെ ആരോപണം കാന്തപുരം നിഷേധിച്ചു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സുന്നികള്‍ എടുത്ത നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

തിരുകേശം സൂക്ഷിക്കാനുള്ള പള്ളിയുടെ നിര്‍മാണം കോഴിക്കോട് പരിസരത്ത് പുരോഗമിക്കുകയാണ്. സമയമാകുന്പോള്‍ എല്ലാവരെയും കാണിക്കും. നോളെജ് സിറ്റിയുടെ ഭാഗമായല്ല ഈ പള്ളി പണിയുന്നതെന്നും കാന്തപുരം പറഞ്ഞു.  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം ചെറുപ്രായത്തില്‍ തന്നെ അച്ചടക്കം പഠിപ്പിക്കണം. അനാവശ്യമായ സ്വാതന്ത്ര്യം നല്‍കുന്നത് പെണ്‍കുട്ടികളുടെ വിവാഹത്തെ വരെ ബാധിക്കും. സ്വദേശിവത്കരണ പദ്ധതികള്‍ മൂലം ഗള്‍ഫില്‍ ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഗള്‍ഫിലും നാട്ടിലും ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും കാന്തപുരം പറഞ്ഞു. 

click me!