നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ വ്യക്തിപരമായ ചില കാര്യങ്ങൾ വെളിപ്പെടുത്തി. ചെറുപ്പത്തിൽ ഭൂതപ്രേതങ്ങളെ ഭയപ്പെട്ടിരുന്നുവെന്നും, ഒഴിവുസമയങ്ങളിൽ സിനിമ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്. രാത്രിയിലെ ഇരുളിൽ ഏത് സമയവും എവിടെയും ഏത് പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. അതെല്ലാം വളര്‍ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാനടൻ മോഹൻലാലുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നുപറച്ചിലുകൾ.

ഒഴിവുവേളകൾ കിട്ടുവാണെങ്കിൽ വായനവും ടിവിയിൽ സിനിമ കാണുകയുമാണ് ചെയ്യറുള്ളത്. മലയാള സിനിമയിൽ മറക്കാനാവാത്ത സിനിമകളിലൊന്ന് അമൃതം ഗമയ ആണ്. ചില സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നാറുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ആക്ഷൻ പടങ്ങൾ കാണാനാണ് ഏറെയിഷ്ടം. രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.