
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെതിരെ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്ത്. ദില്ലിയില്‍ 89 കോടി വിലവരുന്ന ഭൂമി ഒരു ലക്ഷം രൂപയ്ക്ക് സിബല്‍ വാങ്ങിയെന്ന ആരോപണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയാണ് രംഗത്തെത്തിയത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് അനധികൃത പണമിപാടുകളുടെ പേരില്‍ ആരോപണ വിധേയനായ പിയൂഷ് ഗോയല്‍ എന്നയാളില്‍ നിന്ന് കപില്‍ സിബല്‍ പണം വാങ്ങിയതെന്നും ബി.ജെ.പി ആരോപിക്കുന്നു.
സിബലിന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ഗ്രാൻഡെ കാസെലോ എന്ന കമ്പനിയുടെ പേരിലാണ് ഭൂമി വാങ്ങിയത്. ഇക്കാര്യങ്ങള്‍ ഒരു വെബ്‍സൈറ്റും മറ്റൊരു ദക്ഷിണാഫ്രിക്കന്‍ മാധ്യമ സ്ഥാപനവും പുറത്തുകൊണ്ടുവന്നതാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. കള്ളപ്പണ ഇടപാടുകളുടെ പേരില്‍ സി.ബി.ഐ നിരീക്ഷിക്കുന്ന പീയൂഷ് ഗോയൽ എന്ന ബിസിനസുകാരനുമായി ചേർന്നാണ് സിബൽ തട്ടിപ്പ് നടത്തിയത്. ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തിൽ സ്വാധീനമുള്ള ഇന്ത്യൻ വ്യവസായികളായ ഗുപ്ത ബ്രദേഴ്‍സുമായി പിയൂഷിന് ബന്ധമുണ്ട്. ഇത് ഉപയോഗപ്പെടുത്തി ഗുപ്‍ത ബ്രദേഴ്സുമായി കപില്‍ സിബല്‍ ബന്ധമുണ്ടാക്കിയെന്നും ബി.ജെ.പി ആരോപിച്ചു. പിയൂഷ് ഗോയല്‍ നിയന്ത്രിക്കുന്ന ഗ്രാൻഡെ കാസിലോ പ്രൈവറ്റ് ലിമിറ്റഡിനെ 2017 മാർച്ചില്‍ ഒരു ലക്ഷം രൂപ നൽകി കപിൽ സിബലും ഭാര്യ പ്രൊമില സിബലും സ്വന്തമാക്കുകയായിരുന്നു
2013–14 വർഷത്തിൽ ഈ കമ്പനിക്ക് ഒരു ബിസിനസും ഇല്ലായിരുന്ന സമയത്ത് 45.21 കോടി മൂല്യമുള്ള ഭൂമി വാങ്ങിയെന്നും പിന്നീട് ഒരു ലക്ഷം രൂപയ്ക്ക് കമ്പനി സിബലിന് കൈമാറിയെന്നുമാണ് ആരോപണം. ഭൂമിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 89 കോടി രൂപ വരും. അതേസമയം താന്‍ കൃത്യമായി ആദായ നികുതിയും കോര്‍പറേറ്റ് നികുതിയുടെ അടയ്ക്കുന്ന ആളാണെന്നും കപില്‍ സിബല്‍ പ്രതികരിച്ചു. താന്‍ സമ്പാദിച്ച പണം കൊണ്ടാണ് കമ്പനി വാങ്ങിയത്. ആദ്യം അതിന്റെ രേഖകള്‍ പരിശോധിച്ച ശേഷം ആരോപണം ഉന്നയിക്കണം. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam