
കോഴിക്കോട്: ഉരുൾപൊട്ടൽ ഉണ്ടായി നാല് മാസം കഴിയുമ്പോഴും സർക്കാർ പ്രഖ്യാപിച്ച ധനസഹായം കിട്ടാതെ കോഴിക്കോട് കരിഞ്ചോലമലയിലെ ദുരന്തബാധിതർ. വാടക നല്‍കാനുള്ള പണം പോലും കൈയിലില്ലാത്തതിനാൽ സര്‍ക്കാർ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വീടുകൾ പലരും ഉപേക്ഷിക്കുകയാണ്. ദുരന്തസാധ്യതയുള്ള മേഖലയിലെ വീടുകളിലേക്ക് തിരികെ പോകേണ്ട ഗതികേടിലാണ് പല കുടുംബങ്ങളും.
കഴിഞ്ഞ ജൂണ്‍ പതിന്നാലാണ് കരിഞ്ചോമലയിൽ ഉരുള്‍പൊട്ടൽ ഉണ്ടായത്. പ്രളയകാലത്തിന് തൊട്ടുമുന്‍പുണ്ടായ ദുരന്തത്തില്‍ 14 പേർ മരിച്ചു. പ്രദേശത്തെ 36 കുടുംബങ്ങളാണ് ദുരന്തബാധിതരുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടത്. അപകടഭീഷണി നിലനിൽക്കുന്നതിനാൽ കരിഞ്ചോല പ്രദേശത്ത് നിന്ന് മാറ്റി താമസിപ്പിച്ച കുടുംബങ്ങളിൽ ഒന്ന് നാസറിന്‍റേതാണ്. വാടക സര്‍ക്കാര്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ താല്‍ക്കാലിക വീട്ടിലേക്ക് മാറി. എന്നാൽ സർക്കാർ പണം നൽകാത്തതിനാൽ തിരികെ കരിഞ്ചോലമലയിലെത്തി.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരാണ് അബ്ദുൾ നാസറും കുടുംബവും. വസ്തു വാങ്ങി വീട് വയ്ക്കാൻ പണം നൽകുമെന്ന സർക്കാർ പ്രഖ്യാപനം കേട്ടാണ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇറങ്ങിയത്, ഒമ്പത് കുടുംബങ്ങൾക്കാണ് കരിഞ്ചോലമല ഉരുൾപൊട്ടലിൽ വീട് പൂർണ്ണമായി നഷ്ടപ്പെട്ടത്. ഇവർക്ക് വസ്തു വാങ്ങി വീട് വയ്ക്കാൻ 10 ലക്ഷം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതാശ്വാസം എങ്ങുമെത്തിയില്ല. നാശനഷ്ടങ്ങളുടെ കണക്ക് സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടെന്നും വൈകാതെ പണം കിട്ടുമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam