Latest Videos

കര്‍ണാടകയില്‍ വീണ്ടും പൊലീസ് ആത്മഹത്യ

By Web DeskFirst Published Jul 22, 2016, 1:23 PM IST
Highlights

ബംഗളുരു: കര്‍ണ്ണാടകയില്‍  പൊലീസ് ആത്മഹത്യ തുടര്‍ക്കഥയാകുന്നു. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ അണ്ണാറാവു(48) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ ക്വാട്ടേഴ്സില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ പൊലീസ് ആത്മഹത്യയാണിത്. രണ്ട് ആത്മഹത്യാ ശ്രമങ്ങളും ഇതിനകം നടന്നു. ഡിവൈഎസ്‍പി ഗണപതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ആരോപണ വിധേയനായ മന്ത്രി കെ ജെ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.

സുല്‍ത്താന്‍പൂരിനടുത്ത കല്‍ബുര്‍ഗിയിലെ ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് അണ്ണാറാവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കൂരിലെ ചിറ്റാപ്പൂര്‍ സ്വദേശിയായ അണ്ണാറാവുവിന് കഴിഞ്ഞ വര്‍ഷമാണ് ഹെഡ്‌കോണ്‍സ്റ്റബിളായി സ്ഥാനക്കയറ്റം ലഭിച്ചത്.  ആരോഗ്യ പ്രശ്നങ്ങല്‍ കാരണം കല്‍ബുര്‍ഗിയിലെ കെ എസ് ആര്‍ പി ബറ്റാലിയനിലേയ്ക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ മറുപടിയൊന്നും നല്‍കിയിരുന്നില്ലെന്നാണ് കുുടുംബാംഗങ്ങള്‍ പറയുന്നത്. അണ്ണാറാവു ഇതിനു മുന്‍പ് ആത്മഹത്യാ പ്രവണത കാണിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ ദിവസം സംസ്ഥാനത്ത്  മറ്റൊരു പോലീസ് ഉദ്യോഗസ്ഥയും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു . ഹാസന്‍ ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വിജയയാണ് വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന വിവരം വിജയ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അഡീഷണല്‍ എസ് പിയ്ക്ക് മെസേജ് അയച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം സ്ഥലത്തെത്തി പോലീസുദ്യോഗസ്ഥയെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ അപകട നില തരണം ചെയ്യുന്നതിനിടയിലാണ് അണ്ണാറാവുവിന്‍റെ മരണം.

രണ്ടാഴ്ച മുമ്പാണ് ബംഗളുരു വിജയ നഗര്‍ പൊലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രൂപ തെംബേഡ (32) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മേലുദ്യോഗസ്ഥനില്‍ നിന്നുള്ള മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഉറക്ക ഗുളിക കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം.

ജൂലൈ അഞ്ചിന് ചിക്ക്മംഗ്ലൂരു ഡിവൈഎസ് പി കല്ലപ്പഹാന്‍ഡിബാഗിനെയും ജൂലൈ ഏഴിന് കുടക് ഡിവൈ എസ് പി ഗണപതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നാണ്  സംസ്ഥാനത്തെ മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ വികസന മന്ത്രിയുമായിരുന്ന കെ ജെ ജോര്‍ജ്ജ് രാജിവെച്ചത്.

 

click me!