വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയില്‍. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

തൃശൂര്‍: വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയില്‍. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തമിഴ്നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം പിടികൂടുന്നത്. തുടർന്ന് ഊട്ടുമല പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. രാത്രിയോടെ മധുര പാളയം കോട്ടയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പ്രതിയെ തൃശ്ശൂർ വിയ്യൂർ പൊലീസിനെ കൈമാറുന്ന അടക്കമുള്ള നടപടികൾ ഉടനെ ഉണ്ടാകും. കൊലപാതകം അടക്കം 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് വിയ്യൂർ ജയിൽ പരിസരത്ത് വച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസ് സംഘം ബാലമുരുകനെ വിയ്യൂരിലെത്തിച്ച സമയത്താണ് രക്ഷപ്പെട്ടത്. ജയിൽ പരിസരത്ത് വെച്ച് പ്രതി രക്ഷപ്പെട്ടത് വിവാദമായിരുന്നു.

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിലുണ്ടെന്ന വിവരം നവംബറിൽ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നവംബര്‍ മൂന്നിന് രാത്രി 9.45ഓടെയാണ് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. ജയിലിന്‍റെ മുന്നിൽ വെള്ളം വാങ്ങാൻ നിര്‍ത്തിയപ്പോള്‍ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കഴിഞ്ഞ മെയിലും തമിഴ്നാട് പൊലീസിന്‍റെ വാഹനത്തിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. ഇതിനുശേഷം കോയമ്പത്തൂരിലെത്തിയ ബാലമുരുകൻ ഭാര്യയെ ഫോണിൽ വിളിച്ചെന്ന വിവരമായിരുന്നു പൊലീസിന് ലഭിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബാലമുരുകനായി പൊലീസ് അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട് ക്യൂ ബ്രാഞ്ചുമായി സഹകരിച്ച് കേരള പൊലീസും ബാലമുരുകനായി അന്വേഷണം തുടര്‍ന്നിരുന്നു. ഇതിനിടെയാണ് തമിഴ്നാട്ടിലെ ട്രിച്ചിയിൽ വെച്ച് പിടിയിലാകുന്നത്. കേരളത്തിലടക്കം വിവിധ കേസുകള്‍ ബാലമുരുകനെതിരെയുണ്ട്. മോഷണമടക്കമുള്ള ക്രിമിനൽ കുറ്റങ്ങളാണ് ബാലമുരുകനെതിരെയുള്ളത്. ബാലമുരുകന്‍ രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കേരള പൊലീസ് കണ്ടെത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചതും കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടതുമടക്കം വീഴ്ചയാണെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാലമുരുകനെ വിയ്യൂരിലെത്തിച്ച മൂന്ന് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.