
വയനാട്: കര്‍ണ്ണാടകയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ബന്ദിനെ തുടര്‍ന്ന് രാവിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞു. തോല്‍പ്പെട്ടിയിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്. രാവിലെ പ്രകടനമായെത്തിയ ബന്ദ് അനുകൂലികള്‍ വാഹന ഡ്രൈവര്‍മാരോട് സമരവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ അതിര്‍ത്തിയിലേക്ക് എത്തിയതോടെയാണ് തടയാന്‍ ആരംഭിച്ചത്. പിന്നീട് പോലീസ് എത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്. വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് അറിഞ്ഞ് മാനന്തവാടിയില്‍ നിന്നുള്ള യാത്രക്കാരും ചരക്ക് വാഹനങ്ങളും സുല്‍ത്താന്‍ബത്തേരി വഴി മുത്തങ്ങ ചെക്‌പോസ്റ്റ് വഴിയാണ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് പോയത്.
ഗുണ്ടര്‍പ്പേട്ടില്‍ രാവിലെ മുതല്‍ തന്നെ ബന്ദ് അനുകൂലികള്‍ കടകള്‍ അടപ്പിച്ചിരുന്നെങ്കിലും വാഹനങ്ങളൊന്നും തടഞ്ഞില്ല. ഏതാനും വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിട്ടെങ്കിലും പോലീസ് എത്തിയതോടെ ഇവയും ഓടിത്തുടങ്ങി. കര്‍ണാടക ആര്‍.ടി.സിയുടെ ബസുകളും കേരളത്തില്‍ നിന്നുള്ള ബസുകളും പതിവുപോലെ സര്‍വീസ് നടത്തി.
ഗുണ്ടര്‍പേട്ട്-കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ സര്‍വീസുകളും ഓടി. അതേ സമയം ബന്ദില്‍ അക്രമം ഉണ്ടാകുമെന്ന് ഭയന്ന് കേരളത്തില്‍ നിന്ന് പഴം-പച്ചക്കറിക്കായി കര്‍ണാടകയിലേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ ഓട്ടം റദ്ദാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ പ്രഖ്യാപനം നടപ്പില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി ബന്ദ് നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam