ശശികലയ്‌ക്ക് ജയിലില്‍ വിഐപി പരിഗണന; ആരോപണം ഉന്നയിച്ച ഡിഐജിയെ സ്ഥലം മാറ്റി

By Web DeskFirst Published Jul 17, 2017, 3:32 PM IST
Highlights

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയ്‌ക്ക് ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കുന്നുവെന്ന ആരോപണം ഉന്നയിച്ച ജയില്‍ ഡിഐജി, ഡി രൂപയെ സ്ഥലം മാറ്റി. ട്രാഫിക്ക് കമ്മീഷണറായാണ് രൂപയെ സ്ഥാലം മാറ്റിയത്. രൂപയ്‌ക്ക് പകരം എന്‍ എസ് മേഘാരിഖിനെ സെന്‍ട്രല്‍ ജയില്‍ അഡീഷണല്‍ ഡയറ്കടറായി നിയമിച്ചിട്ടുണ്ട്.നീതിയുക്തമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം എന്നതാണ് ഔദ്യോഗിക ഭാഷ്യം.

ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിനായും, സ്വന്തമായി ഒരു അടുക്കള ലഭിക്കുന്നതിനുമായി രണ്ട് കോടി രൂപ ശശികല മുതിര്‍ന്ന ഉദ്ദോഗ്യസ്ഥന് നല്‍കി എന്നതായിരുന്നു രൂപയുടെ പ്രധാന ആരോപണം. ജയില്‍ മേധാവി എച്ച്.എന്‍ സത്യനാരായണ റാവുവിനെതിരെയും രൂപ ആരോപണം ഉന്നയിച്ചിരുന്നു. ഈ മാസം അവസാനം വിരമിക്കാനിരിക്കുന്ന റാവുവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

വിഷയത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിട്ടയേഡ് ഐഎഎസ് ഓഫീസര്‍‍ വിനയ് കുമാറിനാണ് അന്വേഷണ ചുമതല.  ഒരാഴ്ച്ചയ്‌ക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ടും ഒരു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് രൂപ പ്രതികരിച്ചു. ഈ വിഷയത്തില്‍ മാധ്യമങ്ങോളോട് ആദ്യം പ്രതികരിച്ചത് താനല്ലെന്നും ജയില്‍ ഡയറക്ടര്‍ സത്യനാരായണ റാവു ആണെന്നും രൂപ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചിതിന് മുഖ്യ മന്ത്രി സിദ്ധരാമയ്യയും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയും രൂപയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു രൂപയുടെ പ്രതികരണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഫെബ്രുവരിയിലാണ് ശശികലയ്‌ക്ക് സുപ്രീംകോടതി തടവ് ശിക്ഷ വിധിച്ചത്.

click me!