വെളളൂരിൽ പുരാണം വച്ച് മധുസൂധനൻ നൽകിയ മറുപടികൊണ്ട് ഒരു പ്രയോജനവുമില്ല, രക്തസാക്ഷി ഫണ്ട്‌ ക്രമക്കേട് വെളിപ്പെടുത്തൽ ധനരാജിന്റെ കുടുംബത്തെ അപമാനിക്കലല്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

കണ്ണൂർ: പയ്യന്നൂരിൽ സ്ഥാനാർത്ഥിയാകുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നതിനു മറുപടി പറയാതെ പുരാണം പറഞ്ഞിട്ട് കാര്യമില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ ആരോപിച്ചു.

രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പിനെ കുറിച്ചുള്ള തുറന്നു പറച്ചിൽ. പാർട്ടിക്കകത്തു നിന്നും പോലും പിന്തുണ പ്രകടമാക്കിയ പുസ്തക പ്രകാശനം, തെരഞ്ഞെടുപ്പിലേക്കും പോരാട്ടം നീളുമെന്ന പരോക്ഷ സൂചന നൽകുകയാണ് വി കുഞ്ഞികൃഷ്ണൻ. മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യത്തിനൊത്ത് തീരുമാനം എന്ന മറുപടി. സാമ്പത്തിക ക്രമക്കേടിന് കണക്ക് നിരത്തിയുള്ള മറുപടിയില്ലെയെന്ന് മറുചോദ്യം.

പുറത്തുവിട്ട കണക്കുകൾ ധനരാജ് വധക്കേസ് വിചാരണയെ ബാധിക്കില്ലെന്നും വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. അതേസമയം വി കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ ആരോപിച്ചു. ബൈക്ക് നഷ്ടപ്പെട്ട പ്രസന്നനന് പത്തുരൂപ ചലഞ്ചിലൂടെ ബൈക്ക് വാങ്ങി നൽകുമെന്നും അതിന്റെ കണക്ക് പൊതുവേദിയിൽ അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ സെക്രട്ടറി യു മാധവൻ ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. വെള്ളൂരിലടക്കം ടി ഐ മധുസൂദനൻ നയിച്ച പയ്യന്നൂർ മണ്ഡലം ജാഥകളിലെ കുറഞ്ഞ ജന പങ്കാളിത്തം പാർട്ടി നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനിടെയാണ് വി കുഞ്ഞികൃഷ്ണൻ സ്വാതന്ത്ര്യ സ്ഥാനാർഥിയായെക്കുമെന്ന സൂചനകൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming