
തിരുവനന്തപുരം: സൗജന്യ ക്യാന്‍സര്‍ ചികിത്സ പദ്ധതിയായ സുകൃതത്തിലേക്ക് കാരുണ്യ ഫാര്‍മസി വഴിയുള്ള മരുന്ന് വിതരണം പൂര്‍ണമായും നിലച്ചു.പദ്ധതിയിലേക്ക് പുതിയ രോഗികളേയും രജിസ്റ്റര്‍ ചെയ്യുന്നില്ല. സുകൃതം പദ്ധതി തുടങ്ങിയശേഷം അനുവദിച്ച 30 കോടി രൂപയ്ക്കുശേഷം ഒരു രൂപപോലും നല്‍കാത്തതിനാല്‍ പദ്ധതി തന്നെ നിലച്ച മട്ടാണ് .
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ ആണ് ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി, അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സുകൃതം പദ്ധതി തുടങ്ങിയത്. പ്രതിവര്‍ഷം 300 കോടി രൂപ ചിലവ് പ്രതീക്ഷിച്ച പദ്ധതിക്കായി ആകെ അനുവദിച്ചത് 30 കോടി രൂപ മാത്രം.
പദ്ധതി തുടങ്ങിയതോടെ ചിലവേറി. ആശുപത്രികള്‍ മരുന്നുകള്‍ വാങ്ങിയ ഇനത്തില്‍ മാത്രം കോടികള്‍ ചിലവായി. എന്നാല്‍ കൂടുതല്‍ തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഭരണം മാറിയപ്പോഴും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല . ഇതിനിടെ കുടിശിക കൂടിയതോടെ മരുന്ന് നല്‍കുന്നത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നിര്‍ത്തിവച്ചു.
ചികില്‍സ മുടങ്ങുന്ന ഘട്ടത്തിലെത്തിയപ്പോള്‍ ആശുപത്രികള്‍ ഫണ്ട് വകമാറ്റി കുടിശിക തീര്‍ത്തു. ഇക്കാര്യം രേഖാമൂലം കോര്‍പറേഷനേയും സര്‍ക്കാരിനേയും അറിയിക്കുകയും ചെയ്തു. എന്നിട്ടും മരുന്ന് വിതരണം പുനസ്ഥാപിക്കാന്‍ മെഡിക്കല്‍ കോര്‍പറേഷന്‍ തയാറായിട്ടില്ല .
അതേസമയം പദ്ധതി നിര്‍ത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. തുക അനുവദിച്ചില്ലെങ്കില്‍ പദ്ധതി പൂര്‍ണമായും നിര്‍ത്തിവയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ സര്‍ക്കാരിന് പലവട്ടം കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam