വിദ്യാര്‍ത്ഥിക്ക് അന്യായ സസ്പെന്‍ഷന്‍; കേന്ദ്ര സര്‍വകലാശാലയില്‍ പ്രതിഷേധം

By Vipin PanappuzhaFirst Published Mar 2, 2018, 10:14 AM IST
Highlights
  • വിദ്യാര്‍ത്ഥിയെ അന്യായമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് കേരള കേന്ദ്ര സർവകലാശാല വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്

കാസര്‍കോഡ്: വിദ്യാര്‍ത്ഥിയെ അന്യായമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് കേരള കേന്ദ്ര സർവകലാശാല വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക്.  ലിംഗ്വിസ്റ്റിക്സ് വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിനിയായ അന്നപൂർണ്ണി വെങ്കിട്ടരാമനെതിരായ നടപടിയിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കൃത്യമായ കാരണം വ്യക്തമാക്കാതെ ഹോസ്റ്റൽ അധികൃതർ അന്നപൂർണ്ണിയെ സസ്‌പെൻഡ് ചെയ്തു എന്ന് അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് നടപടി എന്നാണ് ഹോസ്റ്റല്‍ അധികൃതരുടെയും യൂണിവേഴ്സിറ്റിയുടെ നിലപാട്.

എന്നാല്‍ ഇത്തരത്തില്‍ ഒരു പരാതി ഉള്ളതായി തനിക്ക് അറിയില്ലെന്നും. പരാതി ആര് നല്‍കി തുടങ്ങിയ കാര്യങ്ങള്‍ അധികൃതര്‍ മറച്ചുവയ്ക്കുന്നു എന്നുമാണ് അന്നപൂര്‍ണ്ണി ആരോപിക്കുന്നത്. ഇത് മാത്രമല്ല പുറത്ത് താമസസ്ഥലം ശരിയാക്കിയ തനിക്ക്, അതും നിഷേധിക്കുന്ന രീതിയില്‍ ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്ത് നിന്നും നിലപാട് ഉണ്ടായെന്നും ഇവര്‍ ആരോപിക്കുന്നു.

ഹോസ്റ്റലില്‍ നിന്നും സസ്പെന്‍ഷന് ശേഷം വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ച്, വീട്ടുടമസ്ഥനോടൊപ്പം ഹോസ്റ്റലിലുള്ള തന്‍റെ സാധനങ്ങൾ എത്തിയ അന്നപൂര്‍ണ്ണിയെക്കുറിച്ച് ഹോസ്റ്റൽ ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ വാടക വീടിന്റെ ഉടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചെന്നും സംസാരിച്ച് അയാളെ മടക്കി അയച്ചെന്നും അന്നപൂര്‍ണ്ണി ആരോപിക്കുന്നു. അതോടെ തനിക്ക് ലഭ്യമായ താമസ സ്ഥലം കൂടി നിഷേധിക്കപ്പെട്ടു എന്ന് ഇവർ പറയുന്നു. 

ഇത് കൂടാതെ താമസിക്കാന്‍ സ്ഥലമില്ലാതെ രാത്രി കാമ്പസിലുള്ള ഓപ്പൺ ഹാളിൽ കഴിച്ചു കൂട്ടാൻ അന്നപൂർണ്ണി തീരുമാനിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി അധികൃതരില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നും ഇവര്‍ ആരോപിക്കുന്നു. രാത്രി കാമ്പസിൽ കഴിച്ചുകൂട്ടിയ അന്നപൂർണി രാവിലെ ക്ലാസിലേക്ക് പോകാൻ ഒരുങ്ങുമ്പോഴായിരുന്നു സർവകലാശാല ജീവനക്കാരന്‍റെ അതിക്രമം ഉണ്ടായെന്നും ഇവര്‍ പറയുന്നു. 

തുടര്‍ന്നാണ് ഇതുവരെ കൈമാറാത്ത സസ്പെന്ഷന്‍റെ ഔദ്യോഗിക ഉത്തരവ് അന്നപൂർണിക്ക് നൽകിയത്. എന്നാൽ ഈ ഉത്തരവിൽ 21 ഫെബ്രവരിയിലെ തിയതിയാണ് നൽകിയിരിക്കുന്നത്. ഉത്തരവിൽ ഹോസ്റ്റൽ വാർഡൻ ഒപ്പിട്ടിട്ടില്ല. അഡ്മിനിസ്ട്രേഷനും ഹോസ്റ്റൽ അധികൃതരും മനപ്പൂർവ്വം വ്യക്തി വൈരാഗ്യം തീർക്കുകയാണ്. അന്യായമായ ഹോസ്റ്റൽ നിയമങ്ങൾ ചോദ്യം ചെയ്തതിന്റെ വിധ്വേഷമാണ് ഇത്. എനിക്കെതിരെ എന്താണ് പരാതി എന്ന് വ്യക്തമാക്കാൻ ഇതുവരെ അവർ തയ്യാറായിട്ടില്ല. പരാതി ലഭിച്ചു എന്ന് മാത്രമാണ് സസ്‌പെൻഷൻ ഉത്തരവിൽ പോലും പറയുന്നത്. എന്താണ് പരാതി എന്ന് പറയുന്നില്ല." അന്നപൂർണ്ണി പറയുന്നു.

ഇതിനെതിരെ പ്രത്യക്ഷ സമരത്തിലേക്കാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നത്. അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിലേക്ക് പ്രകടനം നടത്താനും. അന്യായ സസ്‌പെൻഷൻ പിൻവലിക്കണം വിദ്യാർത്ഥിയെ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത ജീവനക്കാരനെ പിരിച്ചു വിടണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

click me!