
ശ്രീനഗര്‍: ജീവനെപോലെ സ്നേഹിച്ച സുഹൃത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് തന്റെ കുടുംബത്തേയും ഫുട്ബോളിനെയും മറന്ന് അനന്ത്നാഗ്പൂര്‍ ഫുട്ബോള്‍ ടീമിന്റെ വലകാത്ത കൈകളില്‍ ആയുധമെടുക്കാന്‍ മജീദ് ഖാന്‍ തീരുമാനിച്ചത്. എന്നാല്‍ മകനെ തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് എത്തിക്കാന്‍ അമ്മയുടെ കണ്ണുനീരിന് സാധിച്ചു.
ജമ്മു കശ്മീരില്‍ സൈന്യത്തിനെതിരെയും പൊലീസിനെതിരെയും ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുമ്പോഴാണ് ഈ യുവാവിനെ ആയുധം താഴെ വയ്പ്പിക്കാന്‍ ആഷിയ ബീഗത്തിന്റെ കണ്ണുനീരിന് സാധിച്ചത്. മകനോട് തിരികെയെത്തണമെന്നും പഴയത് പോലെ ഫുട്ബോള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നുമുള്ള മാതാവിന്റെ ആവശ്യത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രണ്ടാഴ്ച മുമ്പാണ് മജീദ്ഖാന്‍ തീവ്രവാദ സംഘടനയായ ലക്ഷറെ തയിബയില്‍ ചേര്‍ന്നത്. അതിനിടെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ മജീദ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പടര്‍ന്നിരുന്നു.
നേരത്തെ ഇരുപത് വയസ് മാത്രം പ്രായമുള്ള മജീദ് ഖാന്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇത് കാണാനിടയായ അമ്മയുടെ കണ്ണുനീരാണ് മജീദിന്റെ മനസ് മാറ്റിയത്. മജീദിന്റെ അമ്മ ആഷിയ ബീഗം മകനോട് തിരികെ വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മജീദ് ഖാന്‍ ആയുധം താഴെ വയ്ക്കാന്‍ തീരുമാനമെടുത്തത്. കശ്മീരിലെ സൈനിക ക്യാംപിലെത്തിയാണ് മജീദ് കീഴടങ്ങിയത്.കീഴടങ്ങുന്നതിന് മുമ്പ് വീട്ടുകാരുമായി ബന്ധപ്പെട്ട മജീദ് ഖാന്‍ തിരികെ വരുന്ന കാര്യം അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നൂറിലധികം യുവാക്കള്‍ തീവ്രവാദ സംഘങ്ങളില്‍ ചേര്‍ന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam