സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ കരസേന മേധാവി

By Web DeskFirst Published May 28, 2017, 4:06 PM IST
Highlights

ശ്രീനഗര്‍; ജമ്മുകശ്മീരിൽ സൈന്യത്തിനെ കല്ലെറിയുന്ന നാട്ടുകാര്‍ക്കെതിരെ കരസേന മേധാവി ബിപിൻ റാവത്ത്,  കല്ലെറിയുമ്പോള്‍ മരിക്കാൻ തയ്യാറാകണമെന്ന്  സൈന്യത്തിന് നിര്‍ദ്ദേശം നൽകാനാകില്ലെന്ന് കരസേന മേധാവി ബിപിൻ റാവത്ത്  പറഞ്ഞു.  വിഘടനവാദികൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദിനിടെ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പിൽ നാട്ടുകാരനായ ഒരു ചുമട്ടുതൊഴിലാളി മരിച്ചു. പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. 

ഹിസ്ബുൾ കമാൻഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ജമ്മുകശ്മീരിൽ സൈന്യത്തെ  കല്ലെറിയുന്ന നാട്ടുകാരെയാണ് കരസേന മേധാവി ബിപിൻ റാവത്ത് വിമര്‍ശിച്ചത്. ജനം കല്ലും പെട്രോൾ ബോംബും എറിയുന്പോൾ മരണംവരിയ്ക്കാൻ സൈന്യത്തിന് നിര്‍ദ്ദേശം നൽകാനാകില്ലെന്ന് ബിപിൻ റാവത്ത് പറഞ്ഞു. കല്ലേറുതടയാൻ ജീപ്പിന് മുന്നിൽ കശ്മീര്‍ യുവാവിനെ കെട്ടിയിട്ടതിനേയും കരസേന മേധാവി പിന്തുണച്ചു. 

നീചമായ യുദ്ധങ്ങൾക്കെതിരായ പോരാട്ടത്തിന് ഇത്തരം പുതിയ മാര്‍ഗങ്ങൾ ആവശ്യമാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. കുപ്‍വാര ജില്ലയിലെ കേരാൺ മേഖലയിലാണ് സൈന്യത്തിന് സഹായം നൽകുന്ന നാട്ടുകാരനായ ചുമട്ടുതൊഴിലാളി പാക് സൈന്യത്തിന്‍റെ വെടിവയ്പ്പിൽ മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.  പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. 

ഹിസ്ബുൾ കമാൻഡര്‍ സബ്സര്‍ അഹമ്മദ് ഭട്ടിന്‍റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിൽ ഒരു നാട്ടുകാരൻ മരിച്ചതിൽ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദിനിടെ ഏഴ് പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ നിരോധനാജ്ഞ‌ പ്രഖ്യാപിച്ചു. 

ഇന്‍റര്‍നെറ്റിനു പുറമേ ടെലഫോൺ സര്‍വ്വീസുകൾക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. കശ്മീര്‍ താഴ്‌വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടുദിവസത്തെ അവധി നൽകി.ബന്ദ് അവഗണിച്ചും 799 കശ്മീര്‍ ഉദ്യോഗാര്‍ത്ഥികൾ കരസേനയുടെ കമ്മീഷൻഡ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷ എഴുതി.
 

click me!