മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ഗർഭിണിയായ യുവതി മരിച്ചു. പ്രസവത്തിനായി ചികിത്സ തേടി 6 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്തതിനെ തുടർന്നുണ്ടായ സങ്കീർണതകളാണ് മരണകാരണം. സംഭവത്തിൽ യുവതിയുടെ ഗർഭസ്ഥശിശുവും മരണപ്പെട്ടു.
മുംബൈ: മഹാരാഷ്ട്രയിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവം മൂലം ആറു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത ഗർഭിണിയായ യുവതി മരിച്ചു. സംഭവത്തിൽ കുഞ്ഞും ഗർഭാവസ്ഥയിൽ വച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗഡ്ചിറോളിയിലെ ആൽദാണ്ടി ടോള ഗ്രാമവാസിയായ ആശ സന്തോഷ് കിരംഗ (24) ആണ് മരിച്ചത്. ഇവർ 9 മാസം ഗർഭിണിയായിരുന്നു. പ്രധാന റോഡുമായി ബന്ധമില്ലാത്ത സ്ഥലത്തായിരുന്നു ഇവർ ജീവിച്ചിരുന്നത്. പ്രദേശത്ത് ആരോഗ്യ കേന്ദ്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസവ സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാനായി കാൽനടയായി സഹോദരിയുടെ വീട്ടിലേക്കാണ് യാത്ര തിരിച്ചത്. കാടുള്ള വഴികളിലൂടെ 6 കിലോമീറ്റർ ആണ് നടന്നത്.
ജനുവരി രണ്ടിന് രാവിലെ ആശയ്ക്ക് ശക്തമായ പ്രസവ വേദന ആരംഭിച്ചതിനെ തുടർന്ന് ആംബുലൻസിൽ ഹെദ്രിയിലെ കാളി അമ്മാൾ ആശുപത്രിയിൽ എത്തിച്ചു. സിസേറിയൻ ചെയ്തെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടർന്ന് രക്തസമ്മർദ്ദം അപകടകരമായി ഉയർന്നതിനെ തുടർന്ന് ആശയും അൽപസമയത്തിനകം മരണപ്പെട്ടു. കാൽനടയായി ദൂരം നടന്നതാണ് അപ്രതീക്ഷിതമായ പ്രസവ വേദനക്കും സങ്കീർണതകൾക്കും കാരണമായതെന്ന് ഗഡ്ചിറോളി ജില്ലാ ആരോഗ്യ ഓഫീസർ ഡോ. പ്രതാപ് ഷിൻഡെ പ്രതികരിച്ചു. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലായിരുന്നതിനാൽ ഈ യാത്ര ശരീരത്തെ ഗുരുതരമായി ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.


