കശ്മീരിൽ പ്രതിഷേധം തുടരുന്നു; ജനജീവിതം സ്തംഭിച്ചു

By Web DeskFirst Published Jul 16, 2016, 6:35 PM IST
Highlights

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാണിയെ വധിച്ചതിനു ശേഷമുള്ള പ്രതിഷേധവും അക്രമവും തുടരുകയാണ്.  ഇന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. താഴ്‌വരയില്‍ കേബിൾ ടിവി സേവനം വൈകിട്ടോടെ പുനസ്ഥാപിച്ചെങ്കിലും മൊബൈൽ ഇന്റ‍ർനെറ്റ് സേവനം ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. ഇതിനിടെ പൂഞ്ച് മേഖലയിൽ നുഴഞ്ഞുകയറിയ മൂന്നു പേരെ സൈന്യം വധിച്ചു.
 
താഴ്വരയിൽ കർഫ്യു ഇപ്പോഴും തുടരുകയാണ്. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.  പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് ജനക്കൂട്ടത്തെ സൈന്യം നേരിട്ടതിൽ കടുത്ത പ്രതിഷേധം താഴ്വരയിൽ പ്രകടമാണ്. നിരവധി പേർക്ക് പെല്ലറ്റ് പ്രയോഗത്തിൽ കാഴ്ച നഷ്ടപ്പെട്ടിരുന്നു. താഴ്വരയിൽ ഇപ്പോഴും  മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമുണ്ട്.പോസ്റ്റ്പെയ്ഡ് കണക്ഷൻ മാത്രമേ പ്രവർത്തിക്കുന്നുള്ളു.

പാകിസ്ഥാൻ ചാനലുകൾക്ക് വിലക്ക് തുടരും. സ്വന്തം പൗരൻമാരെ പോലീസും സുരക്ഷാ ഭടൻമാരും കൈകാര്യം ചെയ്യുന്ന  രാജ്യത്തിന്  മുറിവേൽപ്പിക്കുന്നതിന് തുല്യമാണെന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ശ്രദ്ധേയനായ കശ്മീരിൽ നിന്നുമുള്ള ഷാ ഫൈസൽ കുറ്റപ്പെടുത്തി.

കൊല്ലപ്പെട്ട ബുർഹാൻ വാണിയെ തീവ്രവാദത്തിന്റെ പ്രതീകമായും തന്നെ ദേശീയതയുടെ പ്രതീകമായും താരതമ്യം ചെയ്യുന്ന ചില മാദ്ധ്യമങ്ങളെയും ഷാ ഫൈസൽ വിമർശിച്ചു. അരുന്ധതി റോയി ഉൾപ്പടെ ചില എഴുത്തുകാരും കശ്മിരിൽ സൈന്യത്തിന്റെ ഇടപെടലിനെതിരെ രംഗത്തു വന്നു.

 

click me!