
തൃശ്ശൂര്‍: തന്‍റെ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കത്വ സംഭവത്തില്‍ പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്. എനിക്കും എന്‍റെ കുടുംബത്തിനുമെതിരെ നടക്കുന്നത് വന്‍ഭീഷണികളും സൈബര്‍ അക്രമണങ്ങളുമാണ്. എന്നാല്‍ ഇതിലൊന്നും താന്‍ പേടിക്കില്ലെന്നും ദീപിക സിങ് പറഞ്ഞു. തൃപ്രയാറില്‍ കഴിമ്പ്രം ഡിവിഷന്‍ തളികുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്‌സസ് -2018 പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദീപിക.
തനിക്ക് കത്വ പീഡനകേസിലെ കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകളുണ്ട്. അത് തന്‍റെ ഉറക്കം കെടുത്തിയിരുന്നു. അതായിരിക്കണം ഉത്തരവാദിത്വബോധത്തോടെ ധര്‍മ്മത്തിന്‍റെ പാതയില്‍, നേരിനുവേണ്ടി മരിക്കാന്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനായത്. എന്നാല്‍ അതിന്‍റെ പേരില്‍ വധഭീഷണികളൊരുപാടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തനിക്കും തന്‍റെ കുടുംബത്തിനും നേരെ പല തരത്തിലുളള സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തന്‍റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടന്നു. എന്നാല്‍ ജീവന്‍ നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ദീപിക സിങ് കൂട്ടിച്ചേര്‍ത്തു. ജമ്മൂ-കശ്മീരില്‍ തനിക്ക് പൂമാലകളേക്കാള്‍ ചെരുപ്പേറുകളും കല്ലേറുകളുമാണ് ലഭിച്ചത് എങ്കില്‍ ഈ നാട്ടിലെ സ്‌നേഹം എന്നെ ഏറെയധികം സന്തോഷിപ്പിക്കുന്നു. കേരളം വലിയ പ്രതീക്ഷയാണ് രാജ്യത്ത് നല്‍കുന്നത് എന്നും ദീപിക പറഞ്ഞു.
ചടങ്ങില്‍ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് ദീപികാ സിങ് യൂത്ത് ഐക്കണ്‍ പുരസ്‌ക്കാരം സമ്മാനിച്ചു. കത്വ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേസ് സ്വയം ഏറ്റെടുത്ത് കോടതിയില്‍ പോരാടുകയായിരുന്നു ദീപിക സിങ്. കേസുമായി മുന്നോട്ട് പോവുമ്പോള്‍ നീതിപീഠത്തിന്റെ പ്രതിനിധികള്‍ തന്നെ ദീപികയ്ക്കെതിരെ ഭീഷണിയുമായി എത്തിയെങ്കിലും അവരുടെ ഇടപെടലുകള്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam