അരങ്ങൊഴിഞ്ഞത് കലയുടെ കാവലാള്‍

Published : Jun 26, 2016, 11:34 AM ISTUpdated : Oct 04, 2018, 06:02 PM IST
അരങ്ങൊഴിഞ്ഞത് കലയുടെ കാവലാള്‍

Synopsis

നാടക രചയിതാവ്, സംവിധായകൻ, കവി, ഗാനരചയിതാവ്, പ്രഭാഷകൻ. അങ്ങനെ കേരളക്കര ജന്മം നൽകിയ അപൂർവം ബഹുമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു കാവാലം നാരായണപ്പണിക്കർ.  ഭാസനേയും ഷേക്സ്പിയറിനെയും മലയാളത്തിന്റെ തനതുനാടകവേദിയിൽ എത്തിച്ച് പുത്തൻ രംഗഭാഷ ചമച്ചുവെന്നതിന്റെ പേരിൽ എന്നും കാവാലം കേരളത്തിൽ സ്മരിക്കപ്പെടും.

സംസ്കൃത നാടകങ്ങളുടെ ആഢ്യമായ കൈവഴിയും പടയണിയും തെയ്യവും പോലുള്ള ജനകീയ വേദികളും ഒരുമിച്ച് ഒഴുകിയ കേരളക്കര. ഇതെല്ലാം കണ്ട് ശീലിച്ചിരുന്നെങ്കിലും ,  കാവാലത്തിന്റെ അവനവൻ കടമ്പ മലയാളിപ്രേക്ഷകന്റെ മനസ്സിൽ ഉണർത്തിയ രസം നവ്യമായ ഒന്നായിരുന്നു.  ഭരതന്റെ നാട്യശാസ്ത്രവും കാക്കാലന്റെ ശീലും ദ്രുത ചലങ്ങളും അതിൽ സമ്മേളിച്ചു, ചെണ്ടയും ഉടുക്കുമെല്ലാം ചേർന്നുണ്ടാക്കിയ അഭൗമമായ നാദവിസ്മയം. അഭിനേതാക്കളും കാണിയും  തമ്മിലുണ്ടായിരുന്ന നിയതമായ അതിർത്തി രേഖകൾ അവിടെ ലംഘിക്കപ്പെട്ടു. കാവാലത്തിന്റെ തനതു നാടകവേദി വലിയ ചലനങ്ങളാണ് കേരളക്കരയിൽ ഉണ്ടാക്കിയത്.

ചലച്ചിത്ര സംവിധായകനായ അരവിന്ദൻ, നാടകകൃത്ത് സിഎൻ ശ്രീകണ്ഠൻ നായർ,  കവി അയ്യപ്പപണിക്കർ, നടൻ നെടുമുടി വേണു.അങ്ങനെ കാവാലത്തിന്റെ  കലാസപര്യക്കൊപ്പം നിന്നത് മലയാളത്തിലെ വലിയ പ്രതിഭകൾ.  ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന സാക്ഷിയും, തെയ്യത്തെയ്യവും ദൈവത്താറുമൊക്കെ കേരളത്തിൽ മാത്രമല്ല  മറ്റ് നാടുകളിലെ  കലാപ്രേമികൾക്കിടയിലും ചർച്ചയായി. ഭാസന്റേതുൾപ്പെടെ അനേകം സംസ്കൃത നാടകങ്ങളും ഷേക്സ്പിയർ നാടകങ്ങളും കാവാലം അരങ്ങിലെത്തിച്ചു. മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി.

1928 ഏപ്രിൽ 28ന് കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തിലെ പ്രശസ്തമായ ചാലയിൽ കുടുംബത്തിലാണ് നാരായണപ്പണിക്കർ ജനിച്ചത്. ഗോദവർമ്മയുമായും കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു  മാതാപിതാക്കൾ.   നാട്ടിലെയും പുളിങ്കുന്നത്തെയും വിദ്യാലയങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, കോട്ടയം സി എംഎസ് കോളേജ് , ആലപ്പുഴ എസ്. ഡി കോളേജ് ആലപ്പുഴ എസ് ഡി കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു കോളേജ് പഠനം.

1961ൽ കേരള സംഗീത നാടകഅക്കാദമിയിൽ സെക്രട്ടറി ആയി നിയമിതനായതു മുതൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല തൃശ്ശൂരായി. പിന്നെ യൂറോപ്യൻ നാടുകളിൽ വരെ കേരളക്കരയുടെ കലാപാരമ്പര്യത്തിന്റെ യശശ്ശുയർത്തുന്ന പേരായി കാവാലം മാറി. വള്ളപ്പാട്ടുകളും കൊയ്ത്തുപാട്ടുകളും കേട്ടുവളർന്ന നാരായണപ്പണിക്കർ ആ ശീലുകളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയ കവി കൂടിയായിരുന്നു.   

അറുപതിലേറെ സിനിമകൾക്കായി അദ്ദേഹം ഗാനങ്ങളും രചിച്ചിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടിയിലേതുൾപ്പെടെ അവയിൽ പലതും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ.ഒരിക്കലും മലയാളിക്ക് മറക്കാനാകാത്ത കുറേ ലളിതഗാനങ്ങളും ആ തൂലികയിൽ നിന്ന് പിറവിയെടുത്തു. കവിത്വത്തിനൊപ്പം സംഗീതവും ആ രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു.

അവസാന നാളുകൾ വരെയും നാടകങ്ങളും കവിതയുമൊക്കെയായി സാംസ്കാരിക ലോകത്ത് ആ പ്രതിഭ സജീവമായിരുന്നു. ആടിത്തീർക്കാനുള്ള ഒരുപാട്  നാടകങ്ങൾ ബാക്കിയാക്കിയാണ് കാവാലം തിരുവരങ്ങ് ഒഴിഞ്ഞ് മറ്റൊരു ലോകത്തെ വലിയ അരങ്ങിലേക്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു