
പമ്പ: കുട്ടികളെ മുൻനിർത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണ് താന്‍ മലകയറാതെ തിരിച്ചിറങ്ങിയതെന്ന് തെലുങ്കു മാധ്യമപ്രവർത്തക കവിത പറഞ്ഞു. അവകാശം സംരക്ഷിക്കാൻ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിക്കാൻ താൻ തയാറല്ല. അതേസമയം തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും കവിത പറഞ്ഞു.
സന്നിധാനത്തേക്ക് പോകാന്‍ ആഗ്രമുണ്ടായിരുന്നെങ്കിലും അവിടുത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോകേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് കവിതയോടൊപ്പം മലകയറിയ കൊച്ചി സ്വദേശി രഹ്ന ഫാത്തിമ പ്രതികരിച്ചു. പേടിപ്പെടുത്തുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്. ഇനി മുന്നോട്ട് പോകാനാകില്ലെന്ന് പൊലീസും വ്യക്തമാക്കി. ഇനിയും ശബരിമലയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും രഹ്ന പറഞ്ഞു.
'അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് എനിക്ക് ആഗ്രഹമില്ല. അതുകൊണ്ടാണ് തിരിച്ചിറങ്ങിയത്. ഇരുമുടിക്കെട്ട് തലയിലേന്തിയത് അയ്യപ്പനെ കാണണമെന്ന് ആഗ്രഹിച്ചാണ്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇത് ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്'- രഹ്ന പറഞ്ഞു.
സന്നിധാനത്തിന് കീഴെ നടപ്പന്തൽ വരെ എത്തിയ യുവതികൾ കനത്ത പ്രതിഷേധത്തെത്തുടർന്നാണ് തിരിച്ചുറങ്ങിയത്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പൊലീസുദ്യോഗസ്ഥരുടെ വലയത്തിലാണ് യുവതികൾ രാവിലെ മല കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിയാണ് ഇവർ പൊലീസിനെ കണ്ട് മല കയറണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇന്നലെ രാത്രി മല കയറാൻ ഒരു കാരണവശാലും അനുവദിയ്ക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്ന് രാവിലെ തയ്യാറാണെങ്കിൽ സംരക്ഷണത്തോടെ കൊണ്ടുപോകാമെന്ന് പൊലീസ് വ്യക്തമാക്കി.
രാവിലെ ഏഴ് മണിയോടെ മല കയറ്റം തുടങ്ങിയപ്പോൾ ആദ്യം പ്രതിഷേധങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നടപ്പന്തലിലെത്തിയപ്പോഴേയ്ക്ക് കനത്ത പ്രതിഷേധമാണുണ്ടായത്. സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് കീഴെ പരികർമികൾ പൂജാദികർമങ്ങൾ നിർത്തിവച്ച് പ്രതിഷേധം തുടങ്ങി. അനുനയത്തിന് പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് സർക്കാരിന്‍റെ കർശനനിർദേശത്തെത്തുടർന്ന് പൊലീസ് ഇവരെ തിരികെക്കൊണ്ടുവരാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam