വി ടി ബെല്‍റാമിന് രാഷ്ട്രീയ വിഭാഗത്തിലെ കീര്‍ത്തിമുദ്ര പുരസ്കാരം

By Web DeskFirst Published Aug 20, 2016, 9:17 AM IST
Highlights

തിരുവനന്തപുരം: വി ടി ബെല്‍റാമിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കീര്‍ത്തിമുദ്ര പുരസ്കാരം. രാഷ്ട്രീയ രംഗത്തെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരമാണ് ബെല്‍റാമിനു ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്കാരം.

2011 മുതൽ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് വി ടി ബെല്‍റാം. തൃത്താലക്കടുത്ത്‌ ഒതളൂര്‍ സ്വദേശി.  ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ കെമിസ്ട്രി ബിരുദം നേടിയ ബെല്‍റാം  തൃശൂർ ഗവ. എഞ്ചിനീയറിംഗ്‌ കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗിൽ ബി ടെക്‌ ബിരുദവും നേടി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കാമ്പസിലെ ഡിപ്പാർട്ട്മെന്റിൽ നിന്ന് എം.ബി.എ. ബിരുദം, തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് എൽ.എൽ.ബി. ബിരുദം എന്നിവയിൽ ഉന്നതവിജയവും നേടി. കുറച്ചുകാലം തൃശൂർ ബാറിൽ അഭിഭാഷകനായിരുന്നു.

യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ എസ്‌ യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ 'കലാശാല'യുടെ ചീഫ്‌ എഡിറ്റർ, കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ്‌ അംഗം, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ വിദ്യാർത്ഥി, യുവജന സംഘടനാ പ്രവർത്തന കാലത്ത്‌ പ്രവർത്തിച്ചു. ഇപ്പോൾ കെ പി സി സി എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവാണ്. എ ഐ സി സി മാധ്യമ പാനലിസ്റ്റിലും അംഗമായിരുന്നു.

എന്‍ പി രാജേന്ദ്രന്‍, അഡ്വ എ ജയശങ്കര്‍, തമ്പാന്‍ തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിതെരെഞ്ഞെടുത്ത അഞ്ച് പേരില്‍ നിന്നും പ്രേക്ഷകരുടെ എസ് എം എസിലൂടെയും ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയുമാണ് വി ടി ബെല്‍റാമിനെ തെരെഞ്ഞെടുത്തത്. എം ബി രാജേഷ്, ശോഭാ സുരേന്ദ്രന്‍, കെ എം ഷാജി, എം ലിജു എന്നിവരായിരുന്നു പ്രതിഭാപട്ടികയിലെ മറ്റ് അംഗങ്ങള്‍.

പരിസ്ഥിതി വിഭാഗത്തിലെ കീര്‍ത്തിമുദ്ര പുരസ്കാരം അഡ്വ. ഹരീഷ് വാസുദേവനും കാര്‍ഷിക മേഖലയിലെത് സിബി കല്ലിങ്കലിനും സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിക്കും സാഹിത്യത്തില്‍ സുഭാഷ് ചന്ദ്രനുമായിരുന്നു ലഭിച്ചത്. കായിക മേഖലയിലെ യുവപ്രതിഭയെ അടുത്ത ആഴ്ച പ്രഖ്യാപിക്കും.

click me!