സുഭാഷ് ചന്ദ്രന് സാഹിത്യവിഭാഗത്തിലെ കീര്‍ത്തിമുദ്ര പുരസ്കാരം

By Web DeskFirst Published Aug 13, 2016, 3:35 AM IST
Highlights

തിരുവനന്തപുരം: എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കീര്‍ത്തിമുദ്ര പുരസ്കാരം. സാഹിത്യ രംഗത്തെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരമാണ് സുഭാഷ് ചന്ദ്രന് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവ പ്രതിഭകളെ കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കി ആദരിക്കുന്നത്.

 

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖന്‍നായ സുഭാഷ് ചന്ദ്രന്‍ ആലുവക്കടുത്ത് കടുങ്ങലൂര്‍ സ്വദേശിയാണ്. നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളും പറഞ്ഞ മനുഷ്യന് ഒരാമുഖം എന്ന നോവല്‍ ഏറെ വായിക്കപ്പെട്ടു.

ഘടികാരങ്ങൾ നിലക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, വിഹിതം (ചെറുകഥസമാഹാരങ്ങള്‍), മനുഷ്യന് ഒരു ആമുഖം(നോവൽ), ബ്ലഡി മേരി(നീണ്ട കഥകൾ), മധ്യേയിങ്ങനെ, ദാസ് ക്യാപിറ്റൽ, കാണുന്ന നേരത്ത് (അനുഭവക്കുറിപ്പുകൾ) തുടങ്ങിയവയാണ്  പ്രധാനകൃതികള്‍. ലാപ്‌ടോപ്പ്, സൻമാർഗ്ഗം എന്നീ ചെറുകഥകള്‍ ചലച്ചിത്രങ്ങളായി.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ് , അങ്കണം-ഇ പി സുഷമ അവാർഡ്, എസ് ബി ടി അവാർഡ്, വി പി ശിവകുമാർ കേളി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, ഫൊക്കാന പുരസ്ക്കാരം, കോവിലൻ തുടങ്ങി നിരവധി അവാര്‍ഡുകള്‍ സുഭാഷ് ചന്ദ്രനെ മുമ്പ് തേടിയെത്തിയിരുന്നു.

എം മുകുന്ദന്‍, സാറാ ജോസഫ്, ഡോ കെ എസ് രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് സുഭാഷ് ചന്ദ്രനെ തെരെഞ്ഞെടുത്തത്. ബെന്യാമിന്‍, കെ ആര്‍ മീര, ബി മുരളി, പി രാമന്‍ എന്നിവരും പ്രതിഭകളുടെ പട്ടികയിലുണ്ടായിരുന്നു.

പരിസ്ഥിതി വിഭാഗത്തിലെ പുരസ്കാരം അഡ്വ. ഹരീഷ് വാസുദേവനും കാര്‍ഷിക മേഖലയിലെത് സിബി കല്ലിങ്കലിനും സംഗീതത്തില്‍ വൈക്കം വിജയലക്ഷ്മിക്കുമാണ് ലഭിച്ചത്. രാഷ്ട്രീയം, കായികം എന്നീ മേഖലകളിലും യുവപ്രതിഭകള്‍ക്കു കീര്‍ത്തിമുദ്ര പുരസ്കാരം നല്‍കും. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു പുരസ്കാരം.

click me!