സംസ്ഥാനത്ത് ഇതുവരെ 11 എലിപ്പനി മരണം; അതീവ ജാഗ്രത

By Web TeamFirst Published Sep 3, 2018, 10:32 PM IST
Highlights

എലിപ്പനിക്കൊപ്പം ഡങ്കിപനിയും പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കി. വരുന്ന മൂന്നാഴ്ച നിര്‍ണ്ണായകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 
 

തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ട് പേരടക്കം സംസ്ഥാനത്ത്  ഇതുവരെ 11 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിക്കൊപ്പം ഡങ്കിപനിയും പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നല്‍കി. വരുന്ന മൂന്നാഴ്ച നിര്‍ണ്ണായകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 

ആഗസ്റ്റ് രണ്ടാം വാരത്തിന്  ശേഷമാണ്  എലിപ്പനി ഇത്രത്തോളം ഗുരുതരമായതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ഓഗസ്റ്റ് 15 മുതല്‍ ഇന്ന് വരെയുള്ള  കണക്കനുസരിച്ച് 63 പേര്‍ മരിച്ചു. ഇതില്‍ രോഗം സ്ഥിരീകരിച്ചത് 11 പേരിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ മരിച്ചത്. 6 പേര്‍. മലപ്പുറം, പത്തനംതിട്ട. പാലക്കാട്, തൃശൂര്‍, കോട്ടയം  ജില്ലകളിലും എലിപ്പനി മരണം സ്ഥിരീകരിച്ചു. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തനം തിട്ട അയിരൂര്‍ സ്വദേശി രഞ്ജു, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി അനില്‍ എന്നിവരുും മരിച്ചവരില്‍ പെടുന്നു.

എലിപ്പനിക്കൊപ്പം ഡങ്കിപ്പനി പടരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് വിലയിരുത്തി. മലിനജലം കെട്ടികിടക്കുന്നത് മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ഇടയാക്കും. ഡോക്സി സൈക്ലിന്‍ ഗുളിക ആവശ്യത്തിന് എല്ലായിടത്തും എത്തിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. 

മരുന്നിനെതിരെ പ്രചരണം നടത്തിയ ജേക്കബ് വടക്കും ചേരിക്കെതിരെ കേസെടുക്കാന്‍ ഡിജിപി സൈബര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ പരാതിയിലാണ് നടപടി. പ്രളയ ബാധിത ജില്ലകളെല്ലാം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

click me!