
തിരുവനന്തപുരം: മന്ത്രിമാരുടെ വാഹനങ്ങളിൽനിന്ന് ബീക്കണ്‍ലൈറ്റുകൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ നമ്പര്‍കൂടി വയ്ക്കാനും തീരുമാനമായി. ഇപ്പോൾ മന്ത്രിമാരുടെ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നന്പരിനു പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണ് നൽകുന്നത്. അതേസമയം, ആംബുലൻസ്, ഫയർ, പോലീസ് മുതലായ എമർജൻസി വാഹനങ്ങൾക്കു ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും അടക്കമുള്ള വിഐപികൾ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് പൂർണമായി വിലക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. മേയ് ഒന്നുമുതൽ ഉത്തരവ് നടപ്പിലാക്കും. ഫയർ സർവീസസ്, ആംബുലൻസ്, സൈന്യം, പോലീസ് തുടങ്ങിയ വിഭാഗങ്ങൾക്കു വാഹനങ്ങളിൽ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ചുവന്ന ബീക്കണ്‍ ലൈറ്റ് വാഹനത്തിൽ ഉപയോഗിക്കുന്ന ഉന്നത വ്യക്തികൾ ആരൊക്കെയെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിശ്ചയിക്കാമെന്നാണ് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നത്. പുതുക്കിയ വ്യവസ്ഥ പ്രകാരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഒരു നിർദേശവും മുന്നോട്ടുവയ്ക്കാനാവില്ല. ഭരണഘടനാ പദവിയിലുള്ളവർ മാത്രമേ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവൂ എന്നു 2013 ഡിസംബറിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam