
പെരിയ ( കാസര്‍കോട്): കേരള കേന്ദ്ര സര്‍വ്വകലാശാല ഹോസ്റ്റലിലെ താല്‍ക്കാലിക പാചകത്തൊഴിലാളികളെ പിരിച്ച് വിടാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് സര്‍വ്വകലാശാല കാവാടത്തില്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങിയത്. പ്രശ്നത്തിന് പരിഹാരം കാണാതായതോടെ വൈസ് ചാന്‍സിലറുടേയും രജിസ്ട്രാറുടേയും ഓഫീസ് ഉപരോധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നത്. മൂന്ന് ഹോസ്റ്റലുകളിലായുള്ള 15 പാചക തൊഴിലാളികളെ പിരിച്ച് വിടുമെന്നായിരുന്നു സര്‍വ്വകലാശാല അറിയിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം താല്‍ക്കാലിക പാചക തൊഴിലാളികളെ പിരിച്ചുവിടും. പകരം സര്‍വ്വകലാശാലയില്‍ വിസിയുടെ ഓഫീസ്, വീട് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥിരം പാചകത്തൊഴിലാളികളെ ഹോസ്റ്റലിലേക്ക് മാറ്റും. കൂടുതല്‍ പാചകത്തൊഴിലാളികളെ നിയമിക്കാന്‍ യുജിസിയുടെ അനുമതി തേടുമെന്നും സര്‍വ്വകലാശാല അറിയിച്ചു. ഏതാണ്ട് എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍കളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്.
ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം ഗവേഷണത്തിനുള്ള സാഹചര്യമുണ്ടെന്നിരിക്കെ നാല് വര്‍ഷം കൊണ്ട് ഗവേഷണം നിര്‍ത്തണമെന്ന നിലപാടില്‍ നിന്നും പിന്നോട്ട് പോകാനും സര്‍വ്വകലാശാല തയ്യാറായി. ഹോസ്റ്റലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. കൂടുതല്‍ കോമണ്‍ ഹാളുകള്‍ തുറക്കുമെന്നും സര്‍വ്വകലാശാല ഉറപ്പുനല്‍കി.
അടുത്ത ദിവസങ്ങളില്‍ പരീക്ഷ നടക്കുമെന്നതിനാല്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് കലക്ടര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. വാഗ്ദാനങ്ങള്‍ നടപ്പാക്കുവാന്‍ സര്‍വ്വകാലശാല രണ്ട് മാസത്തെ സാവകാശമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ട് മാസത്തിനുള്ളില്‍ ഇപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു. കലക്ടര്‍ ജീവന്‍ ബാബു, ആര്‍ഡിഒ, വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam