'ഞാന്‍ ചെത്തുകാരന്റെ മകനാണ്'; ജാതി ഓര്‍മ്മിപ്പിക്കുന്നവര്‍ക്ക് പിണറായിയുടെ മറുപടി

By Web TeamFirst Published Jan 3, 2019, 12:37 PM IST
Highlights

'എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്...'

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയ കേരളം ഇളകിമറിയുമ്പോള്‍ തനിക്കെതിരായ ജാതി പരാമര്‍ശങ്ങളെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രയുടെ പ്രതികരണം.

'എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് അവര്‍ കരുതുന്നു'- പിണറായി പറഞ്ഞു.

ശബരിമലയില്‍ പ്രവേശിച്ച യുവതികളുടെ പേര് പോലും അറിഞ്ഞത് പിന്നീടെന്നും തുടര്‍ന്നും ശബരിമല സന്ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമലയിലെ യുവതീപ്രവേശനത്തെ തുടര്‍ന്ന് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം അതിക്രമങ്ങള്‍ ശക്തമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.

click me!