ചികിത്സ പൂര്‍ത്തിയായി; അമേരിക്കയില്‍ മലയാളികള്‍ക്ക് മുന്നില്‍ 'സാലറി ചലഞ്ച്' അവതരിപ്പിച്ച് പിണറായി

By Web TeamFirst Published Sep 21, 2018, 7:58 PM IST
Highlights

'എല്ലാവരുടെയും സഹകരണം ഉണ്ടെങ്കില്‍ മാത്രമേ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാവുകയുള്ളൂ, ഇതിനായി സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ മലയാളികളെ ക്ഷണിക്കുകയാണ്. സ്വരൂപിച്ച പണം കൈപ്പറ്റുന്നതിന് അടുത്ത മാസം ധനമന്ത്രി തോമസ് ഐസക് അമേരിക്കയിലെത്തും'

ന്യൂയോര്‍ക്ക്: പ്രളയത്തിന് ശേഷം പുതിയ കേരളത്തിനായി വിവിധയിടങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപണം നടക്കുന്നതിനിടെ അമേരിക്കയില്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി ചികിത്സ മുഴുവനാക്കിയ ശേഷം ന്യൂയോര്‍ക്കില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് ഫണ്ട് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്. 

150 കോടി രൂപയാണ് അമേരിക്കന്‍ മലയാളികളില്‍ നിന്നായി ആകെ പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

'എല്ലാവരുടെയും സഹകരണം ഉണ്ടെങ്കില്‍ മാത്രമേ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാവുകയുള്ളൂ, ഇതിനായി സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെ മലയാളികളെ ക്ഷണിക്കുകയാണ്. സ്വരൂപിച്ച പണം കൈപ്പറ്റുന്നതിന് അടുത്ത മാസം ധനമന്ത്രി തോമസ് ഐസക് അമേരിക്കയിലെത്തും'- പിണറായി പറഞ്ഞു. 

ഈ മാസം ആദ്യമാണ് വിദഗ്ധ ചികിത്സയ്ക്കായി പിണറായി വിജയന്‍ അമേരിക്കയിലെത്തിയത്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം വരുന്ന 24ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന.
 

click me!