
വയനാട്: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തി. ഒമ്പത് മണിക്ക് വസന്തകുമാറിന്‍റെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു.
വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
വയനാട് വെറ്റിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലി നൽകാനായിരുന്നു തീരുമാനം. ഇതിൽ താൽപര്യമില്ലെങ്കിൽ എസ് ഐ തസ്തികയിൽ ജോലി നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ നിലവിലെ ജോലി തന്നെ ചെയ്യാനാണ് താത്പര്യമെന്ന് വസന്തകുമാറിന്‍റെ ഭാര്യ അറിയിച്ചു. സർക്കാർ തീരുമാനങ്ങളിൽ പൂർണ്ണ തൃപ്തയാണെന്നും ഷീന മാധ്യമങ്ങളോട് പറഞ്ഞു.
വസന്തകുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം നേരത്തെ പ്രഖ്യാപിച്ചിരുന്നു. വസന്തകുമാറിന്‍റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും നൽകാനാണ് മന്ത്രി സഭായോഗം തീരുമാനം. കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകാനും വസന്തകുമാറിന്‍റെ രണ്ട് മക്കളുടെയും ഇനിയുള്ള പഠന ചിലവുകളും വഹിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
കുട്ടികളുടെ പഠനകാര്യത്തിൽ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടുമെന്നും വീട്ടിലേക്കുള്ള വഴിയുടെ കാര്യത്തിലടക്കം സർക്കാർ ശ്രദ്ധ ചെലുത്തുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam