
ദില്ലി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പിന്തുണയ്ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്തും. ദില്ലിയില്‍ യുഡിഎഫ് നേതാക്കളും ജോസ് കെ മാണിയും തമ്മില്‍ നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതോടെയാണ് യുഡിഎഫിലേക്ക് തിരിച്ചെത്താൻ കേരള കോണ്‍ഗ്രസിന് വഴി തെളിയുന്നത്. നാളത്തെ ചർച്ചയ്ക്കു ശേഷം കേരളത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ജോസ് കെ മാണിയെ രാഹുൽ ക്ഷണിച്ചത് നല്ല സൂചനയെന്നാണ് കേരളകോൺഗ്രസിന്‍റെ വിലയിരുത്തൽ. ഇതിന് പുറമെ രാജ്യസഭാ സീറ്റിന് കേരളാ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചേക്കും. എന്നാൽ ഇത് പ്രധാന ഉപാധിയാക്കില്ലെന്നും സൂചനയുണ്ട്. ദില്ലിയിലെ ചർച്ച മുന്നണി പ്രവേശനം സംബന്ധിച്ച് കേരളത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി നാളെ ജോസ് കെ മാണി കൂടിക്കാഴ്ച നടത്തും.
കേരള കോൺഗ്രസ് യുഡിഎഫിലേക്ക് മടങ്ങാനുള്ള ചർച്ചകൾക്ക് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണിയുമാണ് മുൻകൈ എടുത്തത്. ഐഎസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നിവർ നടത്തിയ ചർച്ചയിൽ ഈ വിഷയത്തിൽ അനൂകൂല സൂചന കിട്ടി. പികെ കുഞ്ഞാലിക്കുട്ടിയും ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ കേരള ഹൗസിലെത്തി ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ കണ്ടു. രാഹുൽഗാന്ധി ജോസ് മാണിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതോടെ മുന്നണിപ്രവേശനം ഉറപ്പാകുകയായിരുന്നു.
യുപിഎ പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ കർഷകരുടെ ചില പ്രശ്നങ്ങൾ മുന്നോട്ടു വച്ച കേരള കോൺഗ്രസ് സംസ്ഥാനത്ത് മറ്റു ചില ഉപാധികൾ കൂടി പറയും. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയിൽ നിന്ന് നേരിട്ട് ഉറപ്പു വാങ്ങിയ ശേഷം കേരളത്തിൽ പ്രഖ്യാപനം നടത്താനാണ് സാധ്യത. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഹൈക്കമാന്‍റ് സൂചന നല്‍കിയിരിക്കെ ചർച്ചകൾ കേരള കോൺഗ്രസിൽ മാത്രം ഒതുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam