Latest Videos

കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കുശിനിക്കാരല്ലെന്ന് ജയരാജ്

By web deskFirst Published Dec 7, 2017, 9:06 PM IST
Highlights

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം)ന്‍റെ മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കുശിനിക്കാരല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) എംഎല്‍എ ഡോ. എന്‍ ജയരാജ്. മാണി ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് തൈലം തളിച്ച് സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ മുന്നണി പ്രവേശനത്തില്‍ തീരുമാനം പറയേണ്ടത് കാരണവന്മാരാണെന്നും കുശിനിക്കാര്‍ക്കെന്താണ് ഇതില്‍ കാര്യമെന്നും ജയരാജ് ചോദിച്ചു. കേരള കോണ്‍ഗ്രസ് മുന്നണികളിലൊന്നിലും അപേക്ഷ നല്‍കി കാത്തിരിക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലേക്കെന്ന വാര്‍ത്തയെ ശക്തമായ ഭാഷയിലാണ് കാനം വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസ് (എം) നെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. അഴിമതിയുടെത് മാത്രമല്ല, സോളാര്‍ കേസിലും പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ല.

മാണി ഗ്രൂപ്പിനെ തൈലം തളിച്ച് മുന്നണിയിലേയ്ക്ക് സ്വീകരിക്കേണ്ട പുതിയ ഒരു സാഹചര്യം ഇപ്പോഴില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. നിര്‍ണായക തീരുമാനമെടുക്കാന്‍ മഹാസമ്മേളനം കോട്ടയത്ത് ചേരാനിരിക്കുകയാണ്. സമ്മേളനത്തില്‍ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നുത്. ഈ സാഹചര്യത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

click me!