മാണിയെ യുഡിഎഫിലെത്തിക്കാന്‍  ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നീക്കമാരംഭിച്ചു

By Web DeskFirst Published Jan 19, 2018, 7:26 PM IST
Highlights

തിരുവനന്തപുരം:ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും യുഡിഎഫ് ക്യാംപില്‍ തിരിച്ചെത്തിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ ശക്തമായി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുമാണ് മാണിയെ തിരിച്ചു കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെത്തിക്കാനുള്ള സിപിഎം നീക്കങ്ങളെ അതിശക്തമായി സിപിഐ പ്രതിരോധിക്കുന്നുണ്ട്. ഈ സാഹചര്യം കൂടി മുതലെടുത്ത് മുതലെടുത്ത് മാണിയെ തിരിച്ചു കൊണ്ടു വരാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. ജെഡിയു മുന്നണി വിട്ട സാഹചര്യത്തില്‍ യുഡിഎഫിലെ മാണി വിരുദ്ധര്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയതും പുതിയ നീക്കങ്ങള്‍ക്ക് വേഗം നല്‍കിയിട്ടുണ്ട്. 

യുഡിഎഫിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നാണ്പിജെ.ജോസഫടക്കം കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റ നിലപാട്. എന്നാല്‍ മാണിയുടെ മകനും കോട്ടയം എംപിയുമായ ജോസ് കെ മാണിയടക്കമുള്ളവര്‍ ഇടതുപാളയത്തില്‍ ചേരാനാണ് താത്പര്യം പ്രകടിപ്പിക്കുന്നത്.എന്നാല്‍ സിപിഐ എതിര്‍പ്പുന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് എളുപ്പമല്ല. മാത്രമല്ല അത്തരമൊരു നീക്കത്തിന് ജോസഫ് പക്ഷം പിന്തുണ നല്‍കുമെന്നും മാണി കരുതുന്നില്ല. 

മൂന്ന് മുന്നണികളും കേരള കോണ്‍ഗ്രസിനായി വാതില്‍ തുറന്നിട്ട സാഹചര്യം കേരള കോണ്‍ഗ്രസ് നേതൃത്വത്തെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും തങ്ങള്‍ ആരുമായും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് മാത്രമാണ് അവര്‍ പറയുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ചരല്‍ക്കുന്ന് ക്യംപില്‍ വച്ചാണ് യുഡിഎഫ് ബന്ധം വിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി ബന്ധം നിശ്ചയിക്കാം എന്നായിരുന്നു ആ ഘട്ടത്തില്‍ മാണി സഹനേതാക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആ ധാരണ അട്ടിമറിച്ചിരിക്കുകയാണ്. ഈ വര്‍ഷം പകുതിയോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ മുന്നണി ബന്ധങ്ങളെ നിര്‍ണിയക്കുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നത്. 

click me!