നെൽവയൽ ഭേദഗതിബിൽ:  പ്രതിപക്ഷ എതിർപ്പ് ശക്തം, തീരാതെ വിവാദങ്ങൾ

By Web DeskFirst Published Jun 25, 2018, 6:57 AM IST
Highlights
  • നെൽവയൽ ഭേദഗതിബിൽ:  പ്രതിപക്ഷ എതിർപ്പ് ശക്തം, തീരാതെ വിവാദങ്ങൾ

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ബിൽ നിയമസഭ ഇന്ന് പാസാക്കും. ബില്ലിനെ ശക്തമായി എതി‍ർക്കാനാണ് പ്രതിപക്ഷ തീരുമാനം. ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെയാണ് ബില്ലിൽ ഭേദഗതി വരുന്നത്. സർക്കാറും പ്രതിപക്ഷവും തമ്മിൽ ഇനിയും തീരാത്ത തർക്കം, പരിസ്ഥിതിവാദികളുടെ ശക്തമായി എതിർപ്പ്, സിപിഎമ്മും സിപിഐയും തമ്മിലുണ്ടായിരുന്ന ഭിന്നത.  വലിയ വിവാദങ്ങൾക്കിടെയാണ് ബിൽ നിയമസഭയുടെ പരിഗണനക്കെത്തുന്നത്.

2008ൽ വിഎസ് സർക്കാർ കൊണ്ടുവന്ന നെൽവയൽ തണ്ണീർത്തട നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. 2008ന് മുമ്പ് നികത്തിയ ഭൂമിക്ക് ഒരു നിശ്ചിത തുക സർക്കാറിലേക്ക് അടച്ച് ക്രമപ്പെടുത്താൻ അവസരം നൽകുന്നു. പൊതു ആവശ്യങ്ങൾക്ക് വയൽ നികത്തുന്പോൾ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കിലും സംസ്ഥാന തല സമിതികൾക്ക് തീരുമാനമെടുക്കാം എന്നുള്ള വ്യവസ്ഥ വിവാദമാണ്. 

ഏതൊക്കെ പദ്ധതികൾക്ക് നികത്താമെന്നതും തർക്കത്തിലാണ്. നഗരസഭാ പരിധിയിലെ പ്രദേശങ്ങളെ നിയമത്തിൽ നിന്നും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെ സിപിഐ ശക്തമായി എതിർത്തിരുന്നു. ഒടുവിൽ സിപിഎം--സിപിഐ നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് നീക്കം ഉപേക്ഷിച്ചത്. 

നെൽവയൽ,തണ്ണീർത്തടം, കരഭൂമി എന്നിവർക്ക് പുറമെ വിജ്ഞാപനം ചെയ്യാത്ത ഭൂമി എന്ന പുതിയ ഭാഗം ചേർത്തതും വിമർശനത്തിടയാക്കിയിട്ടുണ്ട്. വിജ്ഞാപനം ചെയ്യാത്ത ഭൂമി ഏറെ ഉള്ളതിനാൽ ഈ പഴുത് വൻകിടക്കാൻ ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷ വിമർശനം. സബ്ജകറ്റ് കമ്മിറ്റിയിലുണ്ടായിരുന്ന മൂന്ന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് ബിൽ നിയമസഭയിലെത്തുന്നത്. 

click me!