ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ; ബിജെപി നേതാവ് അറസ്റ്റിലായി

By Web TeamFirst Published Dec 28, 2018, 1:42 PM IST
Highlights

സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു

പത്തനംതിട്ട: ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസിൽ ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ പിടിച്ചെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഋഷിരാജ് സിംഗിന്റെ പരാതിയിലാണ് അറസ്റ്റ്.

ഇന്നലെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. 

ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബിജെപി അടക്കമുള്ള മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി നടത്തിയത്. 

സുരേഷ് ഗോപി എം പി, മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ എന്നിവരടക്കം നിരവധി പേര്‍ അയ്യപ്പജ്യോതി തെളിയിച്ചിരുന്നു. 

click me!