തോമസ് ചാണ്ടിയുടെ നിയമലംഘനം ശരിവച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

By Web DeskFirst Published Sep 23, 2017, 6:31 AM IST
Highlights

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനം പുറത്തു കൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ശരിവച്ച് ആലപ്പുഴ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. ലേക്ക് പാലസ് റിസോര്‍ട്ടിനായി അനധികൃതമായി നിലം നികത്തിയെന്ന് കണ്ടെത്തിയ ഇടക്കാല റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കലക്ടര്‍ കൈമാറി. ഇതിനിടെ തോമസ് ചാണ്ടിയുടെ മാത്തൂര്‍ ദേവസ്വം ഭൂമി ഇടപാടിനെതിരെ നടപടിയെടുക്കാൻ ലാൻറ് ബോര്‍ഡ് സെക്രട്ടറിയോട്  റവന്യൂമന്ത്രി നിര്‍ദേശിച്ചു . 

ആലപ്പുഴ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്  തോമസ് ചാണ്ടിയുടെ നിയമ ലംഘനങ്ങള്‍   കൂടുതൽ സ്ഥീരകരിക്കുന്നു . ഏഷ്യാനെറ്റ് ന്യൂസ്  പുറത്തു കൊണ്ടുവന്നതു പോലെ ലേക്ക് പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിങ്ങിനും പ്രധാന വഴിക്കുമായി അനധികൃതമായ നിലം നികത്തിയിട്ടുണ്ടെന്ന് ഇടക്കാല റിപ്പോര്‍ട്ടും കണ്ടെത്തുന്നു. ഉപഗ്രഹ ചിത്രങ്ങളും കൂടി പരിഗണിച്ചാണ് ഈ നിഗമനം. ഭൂമി ഘടനയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നാണ്  തെളിഞ്ഞത്. 

ഭൂ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു. നിയമ ലംഘനങ്ങളിൽ അന്തിമ നിഗമനത്തിലെത്താൻ വിശദമായ അന്വേഷണം വേണമെന്നും കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കന്പനി അധികൃതരിൽ നിന്ന് തെളിവെടുക്കും. രേഖകളുമായി ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു.

മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടിയും കുടുംബവും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെടുത്ത് അറിയിക്കാൻ ലാന്‍റ് ബോര്‍ഡ് സെക്രട്ടറിക്ക് റവന്യു മന്ത്രി നിര്‍ദേശം നല്‍കി. വ്യാജ പവര്‍ അറ്റോര്‍ണി അടക്കം ഉപയോഗിച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന് ലാന്‍റ് ട്രൈബ്യൂണൽ അപ്പലേറ്റ് കണ്ടെത്തിയിരുന്നു. 

തോമസ് ചാണ്ടിക്കെതിരായ രാഷ്ട്രീയ നീക്കവും ഭരണമുന്നണിയിൽ സജീവമായി. ഇടതു മുന്നണി അഴിമതി  വച്ചു പൊറുപ്പിക്കില്ലെന്നും സി.പി.ഐ ജനറൽ സെക്രട്ടറി വ്യക്തമാക്കി ആരോപണങ്ങള്‍ ഇടതു മുന്നണി ചര്‍ച്ച ചെയ്യണമെന്നാവശ്യമുയര്‍ത്തുന്ന  സി.പി.ഐ ദേശീയ നേതൃത്വമാണെന്നത് ശ്രദ്ധേയം.

click me!