ഇന്ധന വില വർദ്ധന: നികുതി വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാണെന്ന് തോമസ് ഐസക്

By Web DeskFirst Published May 23, 2018, 7:11 PM IST
Highlights
  • ഇന്ധന വില വർധന തടയാൻ അധിക നികുതി വേണ്ടെന്നു വയ്ക്കാൻ തയ്യാറാണെന്ന് തോമസ് ഐസക്
  • ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും ഐസക് 

ചെങ്ങന്നൂര്‍: ഇന്ധന വില വർധന തടയാൻ അധിക നികുതി വേണ്ടെന്നു വയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ വില വർധനവിൽ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം തീരുമാനം ഉണ്ടാകുമെന്നും ഐസക് ചെങ്ങന്നൂരിൽ പറഞ്ഞു.

ഇന്ധനവില തുടര്‍ച്ചയായ പത്താം ദിവസവും കുതിച്ചുയര്‍ന്നിട്ടും നടപടിയെടുക്കാതെ തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും ഇന്ധനവില വര്‍ദ്ധന ചര്‍ച്ചയായില്ല. ദീര്‍ഘകാല പരിഹാരത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം

പത്ത് ദിവസത്തിനിടയിൽ പെട്രോളിന് രണ്ട് രൂപ അറുപത്തിയെട്ട് പൈസയും ഡീസൽ ലിറ്ററിന് രണ്ട് രൂപ അൻപത്തിയെട്ട് പൈസയും കൂടിയിട്ടും കേന്ദ്രസര്‍ക്കാരിന് കുലുക്കമില്ല. എക്സൈസ് തീരുവ കുറച്ച് താത്കാലിക ആശ്വാസം നൽകാൻ കേന്ദ്രസര്‍ക്കാര്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 

എക്സൈസ് തീരുവ ഇനത്തിൽ പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ 33 പൈസയും കിട്ടുന്നത് ദേശീയ പാത നിര്‍മ്മാണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ ന്യായീകരണം.  പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്  81 രൂപയും ഡീസലിന് 74 രൂപ 16 പൈസയുമായി.  ദില്ലിയിൽ പെട്രോളിന് 76 രൂപ 57 പൈസയും മുബൈയിൽ 84 രൂപ 40 പൈസയുമാണ് വില. 

കഴിഞ്ഞ വര്‍ഷം ജൂൺ 16ന് ഇന്ധന  വില ദിവസേന മാറ്റം വരുത്താൻ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയ ശേഷം 193 ദിവസമാണ് വില കൂടിയത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ചാൽ പെട്രോളിനും ഡീസലിനും 25 രൂപ വരെ കുറയ്ക്കാനാകുമെന്നായിരുന്നു മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ പ്രതികരണം. അതിനിടെ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷന്‍റെ ലാഭം 40 ശതമാനം വര്‍ദ്ധിച്ചു. 5218 കോടി രൂപയാണ് ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ ലാഭം.  എന്നാൽ എച്ച്പിസിഎല്ലിന്‍റെ ലാഭം നാല് ശതമാനം ഇടിഞ്ഞു. 

click me!