
പ്രളയക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ട ലക്ഷക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവർക്കായി ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി രാപ്പകൽ കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ചുറ്റുമുണ്ട്. സ്വന്തം സുരക്ഷപോലും മറന്ന് പേമാരിയെന്നോ കൊടുങ്കാറ്റെന്നോ ഇല്ലാതെ അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് ഏറെയും. എന്നാൽ ആത്മാർത്ഥമായി സഹായവുമായെത്തുന്നവരെ കബളിപ്പിക്കുന്നു ചിലര്‍.
അത്യാവശ്യമായി ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫോണിൽ ബന്ധപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചപ്പോൾ കബളിപ്പിക്കപ്പെട്ട ഒരുസംഘം യുവാക്കളുടെ വീഡിയോയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്ന യുവാക്കളാണ് വ്യാജമായ ഫോണ്‍കോള്‍ കാരണം കബളിപ്പിക്കപ്പെട്ടത്. ക്യാമ്പിലേക്കു ഭക്ഷണം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഫോണ്‍കോള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാക്കൾ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. തങ്ങൾ കബളിക്കപ്പെട്ടുവെന്നും ദയവുചെയ്ത് കിട്ടുന്ന വിവരത്തിന്റെ നിജഃസ്ഥിതി മനസ്സിലാക്കിയതിന് ശേഷം മാത്രമേ വിവരങ്ങള്‍ കൈമാറാവൂ എന്ന് യുവാക്കള്‍ പറയുന്നു.
ഒരുമണിതൊട്ട് മുഹമ്മ കാര്‍മലിലേക്ക് ഫുഡ് വേണം എന്നുപറഞ്ഞ് ഒരു സ്ത്രീ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് എത്തിച്ചത്. വെള്ളവും കറന്റുമില്ലാതിരുന്നതിനാല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കിയത്. എന്നാല്‍ പതിനൊന്ന് മണിയോടെ സ്ഥലത്ത് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. രണ്ടു വലിയ പാത്രം ഭക്ഷണം മുഴുവന്‍ പാഴായിരിക്കുകയാണ്- യുവാവ് പറയുന്നു.
ക്യാമ്പിലുള്ളവരോ ഭക്ഷണം കിട്ടാത്തവരോ മാത്രം വിളിച്ചാൽ മതി. ഉറക്കം കളഞ്ഞാണ് തങ്ങളോരോരുത്തരും ഭക്ഷണം പാകം ചെയ്യുന്നത്. നിങ്ങൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭക്ഷണം പാകം ചെയ്ത് ചില ക്യാമ്പുകളില്‍ എത്തിക്കുമ്പോൾ ഭക്ഷണം അധികമായി പാഴായിപ്പോകുന്ന അവസ്ഥയുണ്ട്. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ നൽകുകയും കബളിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ആളുകൾ സഹായം ചെയ്യുന്നതിനായി മുന്നോട്ടുവരാൻ മടിക്കുമെന്നും, അതുകൊണ്ട് ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ ഉപദ്രവിക്കരുതെന്നും യുവാക്കൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam