പെരിയാര്‍ തീരത്ത് കുടുങ്ങിയ പതിനായിരങ്ങളെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 18, 2018, 9:24 PM IST
Highlights

പെരിയാര്‍ തീരത്ത് കുടുങ്ങിയ പതിനായിരങ്ങളെ ഇന്ന് രക്ഷപ്പെടുത്തി. പുഴയിൽ വെള്ളം കുറഞ്ഞതും മഴ മാറി നിന്നതും ആശ്വാസമായി. പറവൂര്‍ മേഖലയില്‍ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

കൊച്ചി: പെരിയാര്‍ തീരത്ത് കുടുങ്ങിയ പതിനായിരങ്ങളെ ഇന്ന് രക്ഷപ്പെടുത്തി. പുഴയിൽ വെള്ളം കുറഞ്ഞതും മഴ മാറി നിന്നതും ആശ്വാസമായി. പറവൂര്‍ മേഖലയില്‍ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.

പെരിയാറില്‍ ജല നിരപ്പ് രണ്ടടിയോളം കുറഞ്ഞു. വെള്ളപ്പൊക്ക മേഖലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം ഇന്ന് കൂടുതല്‍ എളുപ്പമായി. എറണാകുളം ജില്ലയില്‍ മാത്രം 54800 പേരെയാണ് ഇന്ന് രക്ഷപെടുത്തിയത്. സേനകളും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തകരും നിരവധി മേഖലകളിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ഗുരുതരമായ സാഹചര്യം ഇപ്പോഴും പറവൂര്‍ മേഖലയില്‍ തുടരുന്നുവെന്നാണ് സൂചന. ഗോതുരുത്ത്,പുത്തന്‍വേലിക്കര, ചിറ്റാത്തുകര, പുതിയ കാവ്, നോര്‍ത്ത് കുത്തിയതോട്, കടുങ്ങല്ലൂര്‍ മേഖലകളില്‍ ഇപ്പോഴും നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്.ക്യാമ്പിലുള്ള പലരുടേയും സ്ഥിതി അതീവ ഗുരുതരമാണ്. പലയിടങ്ങളിലും ഏകോപനമില്ലാതെ രക്ഷാ പ്രവര്‍ത്തനം പാളിപ്പോയതായും പരാതിയുണ്ട്

പെരുമ്പാവൂര്‍, കാലടി മേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങി. എംസി റോഡ് ഈ മേഖലകളില്‍ തകര്‍ന്നു കിടക്കുകയാണ്. ആലുവ മാര്‍ക്കറ്റിലും വെള്ളം ഇറങ്ങിത്തുടങ്ങി. ഈ മേഖലയില്‍ ഗതാഗതം നേരിയ തോതില്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അങ്കമാലി, അത്താണി , തോട്ടക്കാട്ടുകര മേഖലകളിലും വെള്ളം ഇറങ്ങിത്തുടങ്ങി. മഴ മാറി നിന്നതും ആശ്വാസമായി. ഇടപ്പള്ളിയില്‍ ദേശീയ പാതയില്‍ വെള്ളം ഇറങ്ങിയിട്ടില്ല. കൊച്ചി നഗരത്തില്‍ ചെറിയ തോടുകളും കനാലുകളും വെള്ളം കയറി നിറഞ്ഞു. പേരണ്ടൂര്‍ കനാല്‍ ചിലയിടങ്ങളില്‍ കഴിഞ്ഞ് ഒഴുകുന്നുണ്ട്. വേലിയേറ്റത്തെ തുടര്‍ന്ന് പലയിടങ്ങളിലും കായല്‍ കായല്‍ കര കയറിയിട്ടുണ്ട്

click me!