
തിരുവനന്തപുരം: പ്രളയത്തില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം പ്രതിസന്ധിയില്‍. പ്രളയത്തിൽ വീട് നഷ്ടമായവരുടെ കണക്കെടുപ്പ് ഇനിയും പൂർത്തിയായില്ല. കണക്കെടുപ്പ് പൂർത്തിയാകാത്തത് വീട് നിർമ്മാണം പ്രതിസന്ധിയിലാക്കുന്നു. തദ്ദേശഭരണവകുപ്പിന്‍റെയും റവന്യൂ വകുപ്പിന്റെയും കണക്കുകളിലും പൊരുത്തക്കേട് വ്യക്തമാണ്. സർക്കാറിന്‍റെ വിവിധ വകുപ്പുകൾ വ്യത്യസ്ത കണക്ക് നിരത്തുമ്പോൾ വീട് തകർന്നവർ ഇപ്പോഴും ദുരിതത്തിലാണ്. വീടില്ലാത്തവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.
ആറന്മുള പഞ്ചായത്തിലെ എഴിക്കാട് കോളനിയിലെ ജയിംസ് കഴിഞ്ഞ ഒന്നര മാസത്തിലേറെയായി ദുരിതാശ്വാസ ക്യാംപിലാണ്. ഓഗസ്റ്റ് 19 ന് രാത്രിയിലുണ്ടായ പ്രളയത്തിൽ ജയിംസിന്റെ വീട് തകർന്നടിഞ്ഞു. വീടുകൾക്ക് ഭാഗിക തകരാർ സംഭവിച്ച കോളനിയിലെ മറ്റുളളവരെല്ലാം നേരത്തെ തന്നെ ക്യാംപില്‍ നിന്ന് മടങ്ങിയെങ്കിലും ജയിംസിന് മടങ്ങാനായിട്ടില്ല.
സർക്കാർ പ്രഖ്യാപിച്ച് വീട് നിർമ്മാണത്തിനുള്ള നടപടി തുടങ്ങാത്തതാണ് ജെയിംസിനെ പോലുള്ളവരെ ദുരിതത്തിലാക്കുന്നത്. കണക്കെടുപ്പ് തീരാത്തതാണ് പ്രശ്നം. പൂർണമായും വീട് നശിച്ചവർ 18000 ലേറെ എന്ന് തദ്ദേശ ഭരണ വകുപ്പ് പറയുമ്പോൾ 15000 ത്തോളമെ വരൂ എന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ പറയുന്നു. ഭാഗികമായി വീട് തകർന്നവർ ഒന്നേകാൽ ലക്ഷം വരുമെന്ന കണക്കിൽ മാത്രം കാര്യമായ തർക്കമില്ല.
സഹകരണ വകുപ്പും വിവിധ സംഘടനകളും വ്യക്തികളുമടക്കം വാഗ്ദാനം ചെയ്ത വീടുകള്‍ അയ്യായിരത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ എത്രത്തോളം വീടുകൾ എവിയെടല്ലാം നിർമിക്കണമെന്ന കാര്യത്തിൽ സർക്കാർ കണക്ക് നൽകിയാലേ പണി തുടങ്ങാനാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam