
പത്തനംതിട്ട: മഹാപ്രളയത്തില്‍ നശിച്ച പത്തനംതിട്ട കോയിപ്രം ഹയർ സെക്കൻഡറി സ്കൂള്‍ ദത്തെടുത്ത് കൊല്ലം സിറ്റി പൊലീസ്. സ്കൂളിലേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും നൽകുന്നതിന് പുറമേ കുട്ടികള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്കുള്ള പഠനച്ചെലവും പൊലീസുകാരുടെ കൂട്ടായ്മ നല്‍കും.
പ്രളയത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഏറ്റവുമധികം നാശം സംഭവിച്ച സ്കൂളാണ് കോയിപ്രം ഹയര്‍സെക്കൻഡറി സ്കൂള്‍. ഫര്‍ണ്ണിച്ചറുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങി ഒട്ടുമിക്കതും നശിച്ചു. ഈ സ്കൂളില്‍ പഠിക്കുന്ന കോയിപ്രത്തിന് സമീപം താമസിക്കുന്ന നിരവധി കുട്ടികളുടെ വീടുകളിലും വെള്ളം കയറിയിരുന്നു. പലരുടേയും പഠനോപകരണങ്ങള്‍ ഇല്ലാതായി. പ്രളയത്തിന് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇക്കഴിഞ്ഞ 21-ാം തീയതി ഇവിടെയെത്തിയ കൊല്ലം സിറ്റി പൊലീസ് സ്കൂള്‍ വൃത്തിയാക്കിയിരുന്നു.
സ്കൂളിന്‍റെ ശോചനീയവസ്ഥ മനസിലാക്കിയ സേനാംഗങ്ങള്‍ വിവരം കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ കൃഷ്ണയെ അറിയിച്ചു. തുടര്‍ന്നായിരുന്നു ദത്തെടുക്കല്‍. ഫര്‍ണ്ണിച്ചറുകള്‍ മുഴുവൻ പൊലീസുകാര്‍ റിപ്പയര്‍ ചെയ്തു. വൃത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന സ്ഥലങ്ങളെല്ലാം ഡെറ്റോള്‍ ഉപയോഗിച്ച് കഴുകി. രണ്ടാഴ്‌ച കൂടുമ്പോള്‍ പത്ത് പേരടങ്ങുന്ന പൊലീസ് സംഘം സ്കൂള്‍ സന്ദര്‍ശിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam