ഓണാവധി പുനഃക്രമീകരിച്ചു; ഇന്ന് സ്കൂള്‍ അടയ്ക്കും

Published : Aug 17, 2018, 05:49 AM ISTUpdated : Sep 10, 2018, 03:51 AM IST
ഓണാവധി പുനഃക്രമീകരിച്ചു; ഇന്ന് സ്കൂള്‍ അടയ്ക്കും

Synopsis

കനത്ത മഴയും പ്രളയക്കെടുതിയും മൂലം ജനങ്ങള്‍ വലയുന്ന  സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണാവധി പുനഃക്രമീകരിച്ചു. സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും ഇന്ന് (ഓഗസ്റ്റ് 17) സ്കൂള്‍ അടച്ച് ഓഗസ്റ്റ് 26 ന് സ്കൂള്‍ തുറക്കും. 

തിരുവനന്തപുരം: കനത്ത മഴയും പ്രളയക്കെടുതിയും മൂലം ജനങ്ങള്‍ വലയുന്ന  സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണാവധി പുനഃക്രമീകരിച്ചു. സംസ്ഥാനത്തെ ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും ഇന്ന് (ഓഗസ്റ്റ് 17) സ്കൂള്‍ അടച്ച് ഓഗസ്റ്റ് 26 ന് സ്കൂള്‍ തുറക്കും. ഓഗസ്റ്റ് 20 മുതല്‍ ആയിരുന്നു നേരത്തേ അവധി തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.

കോട്ടയം, വയനാട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, ഇടുക്കി  എന്നീ ജില്ലകളില്‍ ഇന്ന് മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  മഴ ശക്തമായ സാഹചര്യത്തിലാണ് അവധി പുനഃക്രമീകരിച്ചത്.  കാസർകോട്ടെ വെള്ളരിക്കുണ്ട് താലൂക്കിലെ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്. കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാൽ ഓഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.

മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ഓണാവധിക്കായി നേരത്തേ അടച്ചു. 29ന് തുറക്കും. ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂർ സർവകലാശാല ഓണാവധിക്കായി വ്യാഴാഴ്ച അടച്ചു. 29ന് തുറക്കും. 18 മുതലാണു നേരത്തെ ഓണാവധി നിശ്ചയിച്ചിരുന്നത്. 21 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. ഓണാവധിക്കുശേഷം 28നു കോളജുകൾ തുറന്നശേഷമേ ഇനി പരീക്ഷകളുണ്ടാവൂ. വെള്ളിയാഴ്ച   നടത്താനിരുന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് 31ലേക്ക് മാറ്റി. ആരോഗ്യ സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. അതേസമയം പ്രായോഗിക പരീക്ഷകൾക്കു മാറ്റമില്ല. കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ മാറ്റിവെച്ചു. വെറ്ററിനറി സർവകലാശാലയിൽ വെള്ളിയാഴ്ച പരീക്ഷകളൊന്നും ഇല്ല.

പിഎസ്‍സി വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന ഡിപ്പാർട്ട്മെന്റൽ പരീക്ഷ, അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയെല്ലാം മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വെള്ളി, ശനി ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന പിഎസ്‍സി ഓൺലൈൻ/ഒഎംആർ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ എൻ. നാരായണ ശർമ അറിയിച്ചിട്ടുണ്ട്. എംജി സർവകലാശാല ഈയാഴ്ചത്തെ എല്ലാ പരീക്ഷകളും നേരത്തേ മാറ്റിയിരുന്നു.  കേരള കാർഷിക സർവകലാശാലയുടെ കീഴിൽ സദാനന്ദപുരത്തെ കൃഷി വിജ്ഞാനകേന്ദ്രം 20, 21 തീയതികളിൽ നടത്താനിരുന്ന റിസർച്ച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ താൽകാലിക തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ട്, ആക്രമണം നടത്തിയവർക്ക് വട്ടാണ്'; ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അതിക്രമങ്ങളില്‍ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം മേയര്‍ ചര്‍ച്ച; ബിജെപിയില്‍ അവസാന നിമിഷവും ഭിന്നത, ശ്രീലേഖയെ അടിയന്തിരമായി സന്ദർശിച്ച് നേതാക്കൾ, രാജേഷിന് മുൻ‌തൂക്കം