
തിരുവനന്തപുരം മിസോറാം ലോട്ടറി നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഇത് സംബന്ധിച്ച് കേരള സർക്കാറിന്റെ വാദങ്ങൾ ശരിവയ്ക്കുന്ന കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട് നിലവിലുണ്ടെന്നും ധനകാര്യമന്ത്രി തോമസ് ഐസക്.
വിൽപന നടത്താത്ത ടിക്കറ്റ് നമ്പർ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതടക്കമുള്ള തട്ടിപ്പുകൾ നടക്കുന്നതായി സി.എ.ജി റിപ്പോർട്ടിൽ പയുന്നുണ്ട്. സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി ലോട്ടറി നിരോധിക്കാൻ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
നേരത്തെ വിൽപനയുമായി ബന്ധപ്പെട്ട് ടീസ്റ്റ ലോട്ടറി ഏജൻസിക്ക് സർക്കാർ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം ലഭിച്ച വിശദീകരണം തൃപ്‌തികരമല്ലെന്നും കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ചട്ടപ്രകാരം വിശദീകരണം ലഭിച്ചാലും കേരളത്തിലെ ചട്ടപ്രകാരം ഇവിടെ വിൽക്കുന്ന ടിക്കറ്റുകളുടെ നമ്പറുകള്‍ മുൻകൂട്ടി ലഭിക്കണം. ഇത് നേരിട്ട് പരിശോധിക്കാനുള്ള അവസരമുണ്ടാകണം. വില്‍ക്കാത്ത ടിക്കറ്റുകള്‍ 48 മണിക്കൂറുകള്‍ക്കകം സര്‍ക്കാറില്‍ തിരിച്ചു നല്‍കണം.
ഈ നടപടികളെല്ലാം പൂർത്തിയാക്കിയാൽ മാത്രമെ ലോട്ടറി കേരളത്തിൽ വിൽപന നടത്താന‍് അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സംസ്ഥാനത്ത് വിൽക്കുന്ന മിസോറാം ലോട്ടറികള്‍ പരിശോധന നടത്തി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വില്‍പ്പന ആരംഭിച്ച മിസോറാം ലോട്ടറിക്കെതിരെ കർശന നടപടികളുമായി സർക്കാർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam