പത്മനാഭ സ്വാമി ക്ഷേത്ര ഉടമസ്ഥാവകാശം; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഇന്ന് നിലപാടറിയിക്കും

By Web TeamFirst Published Feb 13, 2019, 6:18 AM IST
Highlights

ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ ഇന്നലെ ആവശ്യപ്പെട്ടതിന്റെ തുടർച്ചയായാണ് ഇന്നത്തെ വാദം. 
 

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ ഇന്നലെ ആവശ്യപ്പെട്ടതിന്‍റെ തുടർച്ചയായാണ് ഇന്നത്തെ വാദം. 

സർക്കാർ എന്തെങ്കിലും പുതിയ മാതൃക മുന്നോട്ട് വയ്ക്കുമോ എന്നത് ശ്രദ്ധേയമാകും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഭരണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റി രാമ വർമ്മ ഇന്നലെ പുതിയ ശുപാർശ കോടതിക്ക് കൈമാറിയിരുന്നു. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ അറിവോടെയല്ല ശുപാർശ കോടതിക്ക് കൈമാറിയത് എന്നാണ് സൂചന.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി വിധി.

click me!