
തിരുവനന്തപുരം: നഗരങ്ങളിൽ സ്ത്രീകൾക്കായി സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഒരുക്കുന്ന "എന്റെ കൂട്" പദ്ധതിക്ക് നാളെ തുടക്കമാകും. സാമൂഹിക ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്യും. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് നടപ്പിലാക്കുന്നത്.
തമ്പാനൂർ ബസ് ടെർമിനലിൽ എട്ടാം നിലയിലാണ് ഈ രാത്രികാല അഭയകേന്ദ്രം പ്രവർത്തിക്കുക. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി തൊഴിൽ അന്വേഷിച്ചും മറ്റും എത്തുന്ന സ്ത്രീകളും കുട്ടികളും നഗരത്തിന്റെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലാണ് താമസിക്കുന്നത്. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും ബസ്റ്റാന്റിലും അന്തിയുറങ്ങാൻ വിധിക്കപ്പെടുന്ന ഇവർ പലതരത്തിലുള്ള ആക്രമങ്ങൾക്കും ഇരയാകുന്നു. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം, പൊലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേൽനോട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
സ്വന്തമായി സുരക്ഷിത താവളങ്ങൾ ഇല്ലാത്ത സ്ത്രീകൾ, കുട്ടികൾ, രാത്രികാലങ്ങളിൽ നഗരത്തിൽ ഒറ്റപെടുന്ന സ്ത്രീകൾ ഉൾപ്പടെ 12 വയസിന് താഴെയുള്ള ആൺകുട്ടികൾക്കും പദ്ധതിയുടെ സേവനം ലഭ്യമാണ്. വൈകിട്ട് അഞ്ചുമണി മുതൽ രാവിലെ എട്ട് മണിവരെയാണ് എന്റെ കൂട് പ്രവർത്തിക്കുക. 50പേർക്കാണ് ഒരു സമയം ഇവിടെ താമസിക്കാൻ സാധിക്കുക.
സമ്പൂർണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നൽകുക. സൗജന്യ ഭക്ഷണം, ടിവി, മുഴുവൻ സമയ സെക്യൂരിറ്റി തുടങ്ങിയവ ഉൾപ്പെടെ താമസം പൂർണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഉണ്ട്. തുടർച്ചയായി മൂന്ന് ദിവസമാണ് ഈ സൗകര്യം സ്വീകരിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുക. രണ്ട് വാച്ച്മാൻ, മാനേജർ, രണ്ട് മിസ്ട്രസ്മാർ, സ്കാവഞ്ചർ എന്നിങ്ങനെ ആറുപേരെയാണ് എന്റെ കൂടിന്റെ മേൽനോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam