
തിരുവനന്തപുരം: മലാപ്പറമ്പ് അടക്കം കോടതി അടച്ചുപൂട്ടാൻ ഉത്തരവിട്ട നാല് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും. സ്കൂൾ അടച്ചുപൂട്ടാൻ മാനേജ്മെന്റിനുള്ള അധികാരം റദ്ദാക്കിക്കൊണ്ട് വിദ്യാഭ്യാസച്ചട്ടം ഭേദഗതി ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. മുൻ സർക്കാറിന്റെ റിയൽ എസ്റ്റേറ്റ് താല്‍പര്യമാണ് മലാപ്പറമ്പ് പൂട്ടാനിടയാക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തിരക്കിട്ട കൂടിയാലോചനകൾക്കൊടുവിലാണ് നാല് സ്കൂളുകൾ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം സർക്കാർ എടുത്തത്. അടച്ചുപൂട്ടാൻ ഉത്തരവിട്ട മലാപ്പറമ്പും പാലാട്ട് നഗറും അടച്ചുപൂട്ടിയ മങ്ങാട്ടുമുറിയും കിരാലൂരും സർക്കാർ ഏറ്റെടുക്കും. ഇതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരും.നഷ്ടപരിഹാരത്തുക സംബന്ധിച്ച് മാനേജർമാരുമായി ചർച്ച നടത്താനാണ് മന്ത്രിസഭാ തീരുമാനം.
സർക്കാർ നിലപാട് സുപ്രീം കോടതിയെ അറിയിക്കും കൂടുതൽ സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ സർക്കാർ കെഇആർ ഭേദഗതി ചെയ്യും. മുൻകൂർ നോട്ടീസ് നൽകി സ്കൂൾ അടച്ചുപൂട്ടാൻ എയ്ഡഡ് മാനേജർമാർക്ക് സ്വാതന്ത്ര്യം നൽകുന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷനും സർക്കാറിനോട് ആവശ്യപ്പെട്ടു
സ്കൂൾ ഏറ്റെടുക്കൽ സര്‍ക്കാരിന് വൻസാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക. എങ്കിലും പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാനുള്ള തീരുമാനം രാഷ്ട്രീയമായ നേട്ടമുണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. നയപരമായ തീരുമാനം വന്നെങ്കിലും ഏറ്റെടുക്കലിന്റെ ഭാവി കോടതി നടപടിയെ ആശ്രയിച്ചിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam