മിന്നൽ ഹർത്താൽ ആഹ്വാനം വാർത്തയാക്കരുത്; മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി

By Web TeamFirst Published Feb 18, 2019, 11:46 AM IST
Highlights

നിയമവിരുദ്ധ ഹർത്താൽ ആഹ്വാനങ്ങളുടെ വാർത്ത മാധ്യമങ്ങൾ നൽകരുത്. ഇനിമുതൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി: നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനങ്ങൾ മാധ്യമങ്ങൾ ഇനി വാർത്ത ആക്കരുതെന്ന് ഹൈക്കോടതി. മിന്നൽ ഹർത്താൽ ആഹ്വാനങ്ങളെ  നിയമവിരുദ്ധമായി കണക്കാക്കണം. അവ നിയമവിരുദ്ധമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കും ഉണ്ടെന്ന് കോടതി പറഞ്ഞു. ഇനിമുതൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഇന്നത്തെ ഹർത്താൽ കാരണം തടസ്സപ്പെട്ട പൊതു സർവീസുകൾ ഉടനടി പുനരാരംഭിക്കണം എന്നും സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, കാസർകോട്ടെ കോൺഗ്രസ് ജില്ലാ ഭാരവാഹികൾ എന്നിവർക്കെതിരെ നിയമവിരുദ്ധമായി ഹർത്താലിന് ആഹ്വാനം നൽകിയതിന് സിവിലായും ക്രിമിനലായും കോടതിയലക്ഷ്യ നടപടികളും  ഹൈക്കോടതി തുടങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ നിയമവിരുദ്ധ മിന്നൽ ഹർത്താലിനെതിരെ എന്ത് നടപടിയെടുത്തു എന്നതടക്കം വിശദമായ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.

യൂത്ത് കോൺഗ്രസിൻറെ അപ്രതീക്ഷിത ഹര്‍ത്താൽ പ്രഖ്യാപനത്തെ തുടർന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.  മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന ഈ ഉത്തരവ് ലംഘിച്ചതിനാണ് നടപടി. 

ഹര്‍ത്താലോ മിന്നൽ പണിമുടക്കോ പ്രഖ്യാപിക്കുമ്പോൾ ഏഴ് ദിവസത്തെ മുൻകൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിര്‍ദ്ദേശിച്ചിരുന്നത്. കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഇന്നലെ അർദ്ധരാത്രി ഫേസ്ബുക്കിലൂടെയാണ് ഡീൻ കുര്യാക്കോസ് മിന്നൽ ഹർത്താൽ ആഹ്വാനം നടത്തിയത്. 

click me!