വിവാഹം റദ്ദു ചെയ്ത വിധിക്കെതിരെ ദമ്പതികള്‍ സുപ്രീംകോടതിയിലേക്ക്

By Web DeskFirst Published May 25, 2017, 8:42 PM IST
Highlights

കൊച്ചി: മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ മതം മാറി നടത്തിയ വിവാഹം റദ്ദു ചെയ്ത വിധിക്കെതിരെ ദമ്പതികള്‍ സുപ്രീംകോടതിയിലേയ്ക്ക്. കൊല്ലം സ്വദേശിയായ ഷെഫീനും വൈക്കം സ്വദേശിയായ ഹാദിയയുമാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.  മതം മാറിയതിനുശേഷം നടന്ന വിവാഹം മാതാപിതാക്കളുടെ അസാന്നിധ്യത്തിലായതിനാല്‍ സാധുകരിക്കപ്പെടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ഹര്‍ജിയില്‍ കോടതി വിവാഹം റദ്ദാക്കിയത്. 

വിവാഹത്തിനു യുവതിയുടെ കൂടെ രക്ഷകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തിക്കൊടുക്കാനുള്ള അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയെ മതം മാറ്റി ഐഎസിലേയ്ക്ക് കടത്താനുള്ള പദ്ധതിയാണെന്നും ആരോപിച്ചാണ് പിതാവ് ഹേബിയസ് കോര്‍പസ് ഹര്‍ജി സമര്‍പ്പിച്ചത്. 

പിതാവിന്‍റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ യുവതിയെ വിവാഹം കഴിച്ച ഷെഫീന്‍ വിധിക്കെതിരെ രംഗത്തെത്തി.  ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാമിലേയ്ക്ക് വന്നത്. അത് പല തവണ ആവര്‍ത്തിച്ച് കോടതിയില്‍ വ്യക്തമാക്കിയതാണെന്നും ഷഫീന്‍ പറയുന്നു. 

വസ്തുതകള്‍ ചൂണ്ടിക്കാട്ടി ഹാദിയ പിതാവിനെഴുതിയ കത്തും പുറത്തെത്തിയിട്ടുണ്ട്. ഒരു മുസ്ലീമിനെപ്പോലെ ജീവിക്കാന്‍ തനിക്ക് വിദേശത്തേയ്ക്ക് പോകേണ്ടതില്ലായെന്നും കേരളത്തില്‍ അതിനു തടസ്സമില്ലെന്നും ഹാദിയ കത്തില്‍ പറയുന്നു. അച്ഛനെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികള്‍ തന്നെ വധിക്കാന്‍ മടിക്കില്ലെന്നും കത്തില്‍ പറയുന്നു.

click me!