കോടികള്‍ മുടിക്കാന്‍ കേരളാ ഹൗസ്; ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണം

By Web DeskFirst Published Aug 28, 2016, 10:59 PM IST
Highlights

ന്യൂഡ‍ല്‍ഹി: കാവേരി സെല്‍, എം.പി സെല്‍, കെ.എസ്.ഇ.ബി തുടങ്ങി ഒരുപാട് സര്‍ക്കാര്‍ ഓഫീസുകള്‍ ദില്ലിയിലെ കേരളാ ഹൗസിലുണ്ട്. ഗസറ്റഡ് റാങ്കിലുള്ള ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് വേണ്ടി സര്‍ക്കാര്‍ ഓരോവര്‍ഷവും കോടി കണക്കിന് രൂപ ചിലവാക്കുന്നു. ഖജനാവ് കാലിയാക്കുന്നു എന്നല്ലാതെ ഇത്തരം ഓഫീസുകളുടെ സര്‍ക്കാരിന് ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ പുറത്തു വന്ന വിവരങ്ങള്‍.

പൊതുഭരണ വകുപ്പിന് കീഴിലും അല്ലാതെയും ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഹൗസിലും തൊട്ടടുത്ത ട്രാവന്‍കൂര്‍ ഹൗസിലുമായി പത്തിലധികം സര്‍ക്കാര്‍ ഓഫീസുകളാണുള്ളത്. 200 ഉദ്യോഗസ്ഥരും ജീവനക്കാരും ദില്ലിയില്‍ തങ്ങുന്നു. ദില്ലിയിലെത്തുന്ന മന്ത്രിമാര്‍ക്കും മറ്റ് വിഐപികള്‍ക്കും താമസ സൗകര്യമാണ് കേരള ഹൗസിലെ ഗസ്റ്റ് ഹൗസ് വിഭാഗത്തിന്റെ ചുമതല. റസിഡന്‍റ് കമ്മീഷണറുടെ കീഴിലുള്ള ആ വിഭാഗത്തില്‍ മാത്രം 125 ജീവനക്കാരുണ്ട്.

ജലസേചന വകുപ്പിന് കീഴിലെ കാവേരി സെല്‍ തുറന്നത് കാവേരിയില്‍ നിന്ന് കേരളത്തിന് അവകാശപ്പെട്ട വെള്ളം നേടിയെടുക്കാനായിട്ടാണ്. നാല് ഗസറ്റഡ് ഓഫീസ‍ര്‍മാരുള്‍പ്പടെ 9 ഒമ്പത് ജീവനക്കാര്‍ ഇവിടെയുണ്ട്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ കേസിന്‍റെ പേരിലാണ് ഈ ഓഫീസിന്‍റെ പ്രവര്‍ത്തനം. ആ കേസ് നടത്താന്‍ കേരള സര്‍ക്കാര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം ഒന്നര കോടിയോളം രൂപ ചിലവ്. ഒരു ഉദ്യോഗസ്ഥന്‍ മാത്രം വേണ്ടിടത്ത് പിന്നെന്തിനാണ് ഇത്രയും ഗസറ്റഡ് ഓഫീസര്‍മാര്‍ ദില്ലിയില്‍ തങ്ങുന്നതെന്ന് വ്യക്തമല്ല. വിനോദസഞ്ചാര വകുപ്പിന്‍റെ ഓഫീസിലും ഇതു തന്നെയാണ് സ്ഥിതി. വിനോദസഞ്ചാര വകുപ്പില്‍ ഒരു ഡെപ്യുട്ടി ഡയറക്ടര്‍ ഉള്‍പ്പടെ അഞ്ച് ജീവനക്കാര്‍ ദില്ലിയിലുണ്ട്.

ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പുറമെ ഡെപ്യുട്ടി ഡയറക്ടറുമുണ്ട്. കൂടാതെ പല വിഭാഗങ്ങളിലായി വേറെയും ജീവനക്കാര്‍. ഊര്‍ജ്ജമന്ത്രാലയത്തിന്‍റെ അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയാണ് കെ.എസ്.ഇ.ബി ഓഫീസിന്‍റെ ചുമതല. മാസത്തിലൊരിക്കലോ രണ്ടുമാസത്തിലൊരിക്കലോ വരുന്ന സുപ്രീംകോടതിയിലെ കേസിന് വേണ്ട രേഖകള്‍ തയ്യാറാക്കുകയും വേണം.  അതിനായി ഒരു ഗസറ്റഡ് ഓഫീസറും നിയമവിദഗ്ധയും ഉള്‍പ്പടെ അഞ്ച് ജീവനക്കാര്‍ ദില്ലിയില്‍ തങ്ങുന്നു.

പി.ഡബ്ള്യു.ഡി വകുപ്പിന്‍റെ ഓഫീസ് തുറന്നുവെച്ചിരിക്കുന്നു പക്ഷെ, ആരെയും കണ്ടില്ല. എല്ലാ ഓഫീസുകള്‍ക്കും കാറും മറ്റ് സൗകര്യങ്ങളുമുണ്ട്. സര്‍ക്കാ‍ര്‍ ഖജനാവില്‍ നിന്ന് ഓരോ വര്‍ഷവും കേരളാ ഹൗസിന് വേണ്ടി കോടികളാണ് ചിലവാക്കുന്നത്. നിയമം, നോര്‍ക്ക, ലെയ്സണ്‍, ഇന്‍ഫര്‍മേഷന്‍, ഗസ്റ്റ്ഹൗസ് വിഭാഗങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മിക്കവയും സര്‍ക്കാരിന്‍റെ ഖജനാവിന് ചോര്‍ച്ച മാത്രം ഉണ്ടാക്കുന്നവയാണ്. ആവശ്യമുള്ളതിന്‍റെയും അതിന്‍റെ ഇരട്ടിയും ജീവനക്കാര്‍.

ഓരോ നാല് വര്‍ഷം കൂടുമ്പോഴും വകുപ്പുകളില്‍ നടത്തേണ്ട വര്‍ക്ക് സ്റ്റഡി കഴിഞ്ഞ പതിനെട്ടു വര്‍ഷമായി കേരള ഹൗസില്‍ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആരൊക്കെ എന്താക്കെ ചെയ്യുന്നു എന്നതിലും വ്യക്തതയില്ല. ലെയ്സണ്‍ ഓഫീസും നിയമ ഓഫീസും ശക്തിപ്പെടുത്തി വിവിധ വകുപ്പുകളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിടത്താണ് കേരളാ ഹൗസിലെ ഈ ധൂര്‍ത്ത്.

click me!