നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസിന്റെ പരാതിയിലാണ് വഞ്ചനാ കേസ് എടുത്തത്.

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിൽ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. കേസിൽ ഒത്ത് തീർപ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്. നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസിന്റെ പരാതിയിലാണ് വഞ്ചനാ കേസ് എടുത്തത്.

സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം. എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷംനാസ്. വഞ്ചനയിലൂടെ തന്റെ പക്കൽ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തെന്നാണ് ഷംനാസ് പരാതി നൽകിയിരുന്നത്. നിവിൻ പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്ഐആര്‍. 

മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിൽ തന്നെ നിര്‍മ്മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസിന്റെ പരാതിയിലുണ്ട്. 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഷംനാസ് പരാതി നൽകിയത്. കരാര്‍ തയ്യാറായതിന് ശേഷം മൂവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത ഉണ്ടായെന്നും ഇതേ തുടര്‍ന്ന് ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നുമാണ് ഷംനാസിന്റെ പരാതി. 

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News Streaming