
തിരുവനന്തപുരം: അനധികൃത പാട്ടഭൂമി എറ്റെടുക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തെ ചൊല്ലി റവന്യൂ, നിയമ വകുപ്പുകൾ തമ്മിൽ കടുത്ത ഭിന്നത. രാജമാണിക്യം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പാട്ടഭൂമി ഏറ്റെടുക്കാൻ നടപടി വേണമെന്ന റവന്യൂവകുപ്പിന്‍റെ ആവശ്യം നിയമ സെക്രട്ടറി തള്ളി . ഇതോടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകൾ തീരുമാനിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചിരിക്കുകയാണ് റവന്യൂ വകുപ്പ്.
ടാറ്റയും ഹാരിസണും അടക്കം വൻകിട കമ്പനികള്‍ കൈവശം വച്ചതുൾപ്പെടെ സംസ്ഥാനത്താകെ അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കറിലെ അനധികൃത കൈവശക്കാരെ ഒഴിപ്പിക്കണമെന്നും ഇതിനായി ആവശ്യമെങ്കിൽ പ്രത്യേക നിയമ നിര്‍മ്മാണം വേണമെന്നുമാണ് രാജമാണിക്യം റിപ്പോര്‍്ട്ടിന്‍റെ ഉള്ളടക്കം.
എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിന് രാജമാണിക്ക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നാണ് നിയമവകുപ്പിന്‍റെ വാദം. ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്ന് പറയാനാകില്ല. പകരം പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയെന്ന് മാത്രമാണിതെന്നാണ് നിയമ സെക്രട്ടറിയുടെ വിശദീകരണം. നിയമ ലംഘനങ്ങൾ അക്കമിട്ട് നിരത്തുന്ന രാജമാണിക്യം റിപ്പോര്‍ട്ട് അപ്പാടെ തള്ളി വേണമെങ്കിൽ പുതിയ നിയമ നിര്‍മ്മാണമാകാമെന്ന റിപ്പോര്‍ട്ടാണ് നിയമ സെക്രട്ടറി റവന്യു വകുപ്പിന് നൽകിയത്.
എന്നാൽ രാജമാണിക്യം തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ടിനെ തള്ളിക്കളയാനാകില്ലെന്ന നിലപാടിലുറച്ചാണ് റവന്യു വകുപ്പിന്റെ സമാന്തര നീക്കം . തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നിയമത്തിന്‍റെ പഴുതുകളടച്ച് തയ്യാറാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയോഗിച്ചു.
നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി വിരമിച്ച പദ്മാകരന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിനാണ് ചുമതല. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റവന്യു മന്ത്രിയുടെ നിര്‍ദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam