
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ റൂളിംഗിൽ ഭരണപക്ഷത്തിന് വിമർശനം. ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ല എന്ന പരാതി വസ്തുതാപരമാണെന്നും സ്‍പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി. ഇതിന് ന്യായീകരണങ്ങൾ പര്യാപ്‍തമല്ലെന്നും ഓഫീസിൽ ഏകോപനമുള്ള മന്ത്രിമാർ കൃത്യം മറുപടി നൽകുന്നുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കും ഈ മാസം 25ന് മുമ്പ് മറുപടി നൽകണമെന്നും സ്‍പീക്കര്‍ റൂളിംഗ് നല്‍കി.
സ്വാശ്രയ സമരത്തിനിടെ കെഎസ്‍യുക്കാർക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധവുമായി ചോര പുരണ്ട വസ്ത്രങ്ങളുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. സ്വാശ്രയ സമരത്തിൽ പങ്കെടുത്ത കെഎസ്‍യു പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയും സമരത്തിൽ പരിക്കേറ്റ കെഎസ്‍യു പ്രവർത്തകർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. ഹൈബി ഈഡനാണ് നോട്ടീസ് നൽകിയത്. പൊലീസുകാർക്കും പരിക്കേറ്റവർക്ക് ചികിത്സ നിഷേധിച്ച ഡോക്ടർമാർക്കും എതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ കെഎസ്‍യു പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമരക്കാർ കല്ലേറ് നടത്തിയെന്നും അക്രമം വർധിച്ചതോടെയാണ് ലാത്തിച്ചാർജ്ജും ഗ്രനേഡും പ്രയോഗിക്കേണ്ടി വന്നതെന്നും സമരക്കാരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും തലയ്ക്ക് പരിക്കെന്ന ആരോപണം വസ്തുതാപരമല്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് എം എം മണി തടസ്സം നിന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എംഎം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സെൻകുമാർ കേസിൽ പുന:പരിശോധന ഹർജി നൽകിയത് വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് . സേനയിൽ ഒരു അച്ചടക്ക ലംഘനവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam