
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലിരിക്കുന്നത് സ്ത്രീകളാണെങ്കില്‍ ഒത്തിരിയേറെ ശ്രദ്ധിക്കാനുണ്ട്, കാരണം വസ്ത്രധാരണം തന്നെ. ചക്രങ്ങള്‍ക്കിടയില്‍ ഷാളുകളും വസ്ത്രങ്ങളും കുടങ്ങുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തും. അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് കേരളാ പൊലീസ്.
സാരിയും ചുരിദാറുമൊക്കെ ഇട്ട് ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഷാളും സാരിയുടെ അറ്റവും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടരുതെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. ചെറിയൊരു അശ്രദ്ധ വില്ലനായി മാറിയേക്കാമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ഇരുചക്രവാഹനത്തിന്‍റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്‍റെ വശത്തായി കൈപിടിയും പാദങ്ങള്‍ വയ്ക്കാന് ഫുട് റെസ്റ്റും പിന്നിലിരുന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്‍റെ ഉള്ളിലേക്ക് കടക്കാത്ത വിധം ചക്രത്തിന്‍റെ പകുതിയോളം മൂടുന്ന സാരിഗാർഡും മോട്ടോര്‍ വാഹന നിയമപ്രകാരം നിർബന്ധമാണെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'ഭർത്താവിനോടൊപ്പം യാത്ര ചെയ്ത യുവതിയുടെ ഷാൾ ബൈക്കിന്‍റെ ചക്രത്തിൽ കുരുങ്ങി ദാരുണാന്ത്യം' എന്ന വാർത്ത നമ്മൾ ഇടയ്ക്കിടെ മാധ്യമങ്ങളിൽ കാണാറുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് ഒരു ചെറിയ മുൻകരുതൽ എടുക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നതിന്‍റെ ഫലമാണ് ഇത്തരം അപകടങ്ങൾ. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകളുടെ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്‍റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.
മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്‍റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്‍റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്‍റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam